കൊച്ചി: നീണ്ട അഭ്യൂഹങ്ങള്‍ക്കും സംശയങ്ങള്‍ക്കുമൊടുവില്‍ അര്‍ജന്റൈന്‍ മുന്നേറ്റ നിര താരം ജോര്‍ജ് പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സിലെത്തി. ഒരു സീസണിലേക്കായി വായ്പാടിസ്ഥാനത്തിലാണ് അര്‍ജന്റൈന്‍ ക്ലബ് പ്ലാറ്റെന്‍സില്‍ നിന്ന് 31കാരനായ താരം ഐഎസ്എല്‍ ക്ലബിലെത്തുന്നത്. താരത്തെ വിട്ടുനല്‍കാന്‍ പ്ലാറ്റെന്‍സ് ഒരുക്കമായിരുന്നില്ലെങ്കിലും അവസാന സമയത്തെ ചരടുവലികളിലൂടെ വായ്പാടിസ്ഥാനത്തില്‍ താരത്തെ ബ്ലാസ്റ്റേഴ്‌സ് ക്ലബിലെത്തിക്കുകയായിരുന്നു.
ആദ്യം മുതല്‍ക്ക് തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ റഡാറിലുള്ള താരമാണ് ഡയസ്. എന്നാല്‍, ക്ലബിന്റെ സുപ്രധാന താരമായ താരത്തെ വിട്ടുനല്‍കാനാവില്ലെന്ന് അര്‍ജന്റൈന്‍ ക്ലബ് നിലപാടെടുത്തു. കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി ബാക്കി ഉണ്ടായിരുന്നതിനാല്‍ പ്ലാറ്റെന്‍സിന്റെ കടുംപിടുത്തം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകുമെന്ന അവസ്ഥ വന്നു. നീക്കം നടക്കില്ലെന്ന മട്ടിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി ക്ലബ് താരത്തിന്റെ വരവ് വെളിപ്പെടുത്തിയത്.
2008ല്‍ അര്‍ജന്റൈന്‍ ക്ലബ് ഫെറോ കാരില്‍ ഓസ്റ്റെക്ക് വേണ്ടി കളിച്ചാണ് താരം പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. മെക്‌സിക്കോ, ബൊളീബിയ, ചിലി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും ഹോര്‍ഹെ ബൂട്ടണിഞ്ഞിട്ടുണ്ട്.