കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഡേവിഡ് ജെയിംസിന് പിന്നാലെ ടീമിലെ സൂപ്പര്‍ താരങ്ങളെയും പുറത്താക്കാന്‍ ക്ലബ് തീരുമാനിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഫുട്‌ബോള്‍ ലോകം കേട്ടത്. ഇപ്പോള്‍ ഇതാ ബ്ലാസ്റ്റേഴ്‌സിലെ മലയാളി സൂപ്പര്‍ താരം സി കെ വിനീത് ചെന്നൈയിന്‍സ് എഫ്‌സിയിലേക് പോകും എന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.
അടുത്ത മാസം ഒന്നാം തീയതി ആരംഭിക്കുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വിനീത് ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഇതിന് ഔദ്യോഗിക സ്ഥിതീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അഞ്ചാം സീസണ്‍ ഐഎസ് എല്ലിലെ പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും എഎഫ്‌സി കപ്പ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നതിന് മുന്‍പ് ടീം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിനീതിനെ ടീമിലെത്തിക്കാന്‍ ചെന്നൈയിന്‍സ് തയ്യാറെടുക്കുന്നത്.
ചെന്നൈയുടെ പ്രധാന സ്‌ട്രൈക്കറായ ജെജെ ലാല്‍ പെഖുല ഫോമിലല്ലാത്തത് അഞ്ചാം സീസണില്‍ ചെന്നൈയെ ഏറെ തകര്‍ത്തിരുന്നു. അതുകൊണ്ടു തന്നെ വിനീതിനെപ്പോലൊരു താരത്തെ ടീമിലെത്തിക്കുന്നത് വഴി ഇക്കാര്യത്തില്‍ ഒരു പരിഹാരമാകുമെന്നാണ് അവരുടെ വിശ്വാസം.
എന്നാല്‍ ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായ സി കെ വിനീതിന് അഞ്ചാം സീസണില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാനായിട്ടില്ല. അഞ്ചാം സീസണ്‍ ഐ എസ് എല്ലില്‍ ഇതേ വരെ 585 മിനുറ്റുകള്‍ കളിക്കാനിറങ്ങിയ വിനീത് 2 ഗോളുകള്‍ മാത്രമാണ് ഇത്തവണ നേടിയത്. ഇതിനിടയില്‍ ആരാധകരുമായി ഉടലെടുത്ത ചില പ്രശ്‌നങ്ങള്‍ കൂടിയായതോടെ വിനീതും ടീം മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.