കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെയ്‌ക്കെതിരെ ബൂട്ടണിയും ; ജയം അനിവാര്യം

Blasters

കൊച്ചി: അനവധി നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ആരാധകലക്ഷങ്ങളുടെ സ്വന്തം ഐഎസ്എല്‍ ടീം കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം മൈതാനത്ത് ബൂട്ടുകെട്ടുന്നു. രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ പൂനെ സിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി.

കളിച്ച ഏഴ് കളികളില്‍ ഒരു ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമായി ബ്ലാസ്റ്റേഴ്‌സിപ്പോള്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. റെനെ മ്യൂളന്‍സ്റ്റീന് പകരക്കാരനായി ഡേവിഡ് ജെയിംസ് വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി എത്തിയെങ്കിലും അസി പരിശീലകന്‍ താങ്‌ബോയ് സിങ്‌തോയിയുടെ തന്ത്രങ്ങളനുസരിച്ചായിരിക്കും പൂനെയ്‌ക്കെതിരെ ഇന്ന്‌ ബ്ലാസ്റ്റേഴ്‌സ് കളിക്കുക.

എങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം സി കെ വിനീതിന്റെ അഭാവം മഞ്ഞപ്പടക്ക് തിരിച്ചടിയാകും. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന വിനീതിന് ചില മത്സരങ്ങള്‍ കൂടി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചില്ലെങ്കില്‍ ടീമിന് അത് വലിയ തിരിച്ചടിയാകും.

അതേസമയം, ഡേവിഡ് ജെയിംസിന്റെ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്‌സില്‍ പുതിയ പ്രതീക്ഷകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 2014 സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളെ ആശ്രയിച്ചാകും കേരളത്തിന്റെ സ്വന്തം ടീമിന്റെ ഇനിയുള്ള പ്രകടനം.

എന്നാല്‍, ബെര്‍ബറ്റോവ് ഉള്‍പ്പെടുന്ന പ്രധാന താരങ്ങളുടെ ഫോമില്ലായ്മയും ടീമിന് തിരിച്ചടിയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ആരാധകരിലും നിരാശയുണ്ടാക്കിയിട്ടുണ്ട്.

എട്ടില്‍ അഞ്ചും ജയിച്ച് രണ്ടാം സ്ഥാനത്താണ് പൂനെ. എമിലിയാനോ അല്‍ഫാരോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ മികച്ച ഫോമിലാണ്. ശക്തമായ ആക്രമണത്തെ ചെറുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചാല്‍ മാത്രം പോരാ പൂനെയുടെ വലകുലുക്കാനുമായാലേ മഞ്ഞപ്പടക്ക് ജയിക്കാനാകൂ.

Top