പഞ്ചാബ് എഫ്‌സിക്കെതിരെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്: ഇവാൻ വുകോമനോവിച്ച്

കൊച്ചി: ഐഎസ്എല്ലില്‍ പഞ്ചാബ് എഫ്സിക്കെതിരെ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തതെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്. ഈ പ്രകടനമാണ് നടത്തുന്നതെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാല് സ്ഥാനങ്ങളില്‍ തുടരാന്‍ യോഗ്യതയില്ലെന്നും വുകോമനോവിച്ച് പറഞ്ഞു.

ഐഎസ്എല്‍ 2023-24 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാലാം തോല്‍വി നേരിടുകയായിരുന്നു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ പഞ്ചാബ് എഫ്‌സി 3-1ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചു. ഈ സീസണില്‍ മഞ്ഞപ്പട ഹോം ഗ്രൗണ്ടില്‍ തോല്‍ക്കുന്നത് ഇതാദ്യമായാണ്. 39-ാം മിനുട്ടില്‍ മിലോസ് ഡ്രിന്‍സിച്ചിലൂടെ മുന്നിലെത്തിയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോളുകള്‍ വഴങ്ങിയത്. 42, 61 മിനുട്ടുകളില്‍ വില്‍മര്‍ ജോര്‍ഡാനും എണ്‍പതിയെട്ടാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ലൂക്ക മാജെനുമാണ് പഞ്ചാബിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. നിലവില്‍ 26 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്. 16ന് ചെന്നെയിന്‍ എഫ്‌സിക്കെതിരെയാണ് അടുത്ത മത്സരം.തിരിച്ചടി നേരിടുമ്പോഴാണ് ആരാധകര്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം നില്‍ക്കേണ്ടതെന്ന് മുന്‍ താരവും മലയാളിയുമായ സി കെ വിനീത് പറഞ്ഞു. പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്‌സ് തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് മുന്‍ താരങ്ങളായ എ.പി പ്രദീപും മുഹമ്മദ് റാഫിയും റിനോ ആന്റോയും പറഞ്ഞു.

സ്വന്തം മൈതാനത്ത് വിജയം മോഹിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് കളി മറന്നപ്പോള്‍ ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ തോല്‍വി നേരിടുകയായിരുന്നു. താരങ്ങളുടെ പ്രകടനത്തില്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് തീര്‍ത്തും നിരാശനാണ്. ‘പഞ്ചാബിനെതിരെ പുറത്തെടുത്ത കളിയുമായി ആദ്യ നാലില്‍ തുടരാന്‍ ബ്ലാസ്റ്റേഴ്‌സിന് യോഗ്യതയില്ല. പിഴവുകള്‍ പരിഹരിച്ച് വിജയവഴിയില്‍ തിരിച്ചെത്തി ആരാധകര്‍ക്ക് സന്തോഷം തിരികെ നല്‍കാന്‍ പരിശ്രമിക്കും’ എന്നും വുകോമനോവിച്ച് പറഞ്ഞു. ഈമാസം ഇരുപത്തിയഞ്ചിന് ഗോവയ്‌ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരം.

Top