kerala budget 2017

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു.

നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരമാണെന്ന സാഹിത്യകാരന്‍ എം.ടി വാസുദേവന്‍നായരുടെ പരാമര്‍ശത്തെ ഉദ്ധരിച്ചാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.

നോട്ട് നിരോധനംകൊണ്ട് സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നും സാമ്പത്തിക മുരടിപ്പ് ഒഴിവാക്കന്‍ ബജറ്റ് വിഹിതം ഉയര്‍ത്തേണ്ടതുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

നോട്ട് നിരോധനം, വരള്‍ച്ച, വിലക്കയറ്റം തുടങ്ങിയ പ്രതിസന്ധികള്‍ മറികടക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ജിഎസ്ടി ജൂലൈ മുതല്‍ നടപ്പിലാക്കുമെന്നതിനാല്‍ നികുതി നിരക്ക് ഉയര്‍ത്തില്ലെന്ന് ഉറപ്പാണ്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

ശമ്പളച്ചെലവ് 31,909 കോടി രൂപ. പെന്‍ഷന്‍ 18, 174 കോടി. പലിശയിനത്തില്‍ 13,631 കോടി രൂപ. ശമ്പളം, പെന്‍ഷന്‍, പലിശ ആകെ വരുമാനത്തിന്റെ 68.08 %

ബജറ്റ് ആകെ വരുമാനം 1,19,124 കോടി രൂപ. ചെലവ് 1,19,601 കോടി രൂപ. റവന്യൂ കമ്മി 16,043 കോടി രൂപ(2.14 %)

ഹാര്‍ഡ് വാര്‍ഡിന് മേല്‍ ആരോ ഹാര്‍ഡ് വര്‍ക്ക് നടത്തിയതിന്റെ ഫലം നമ്മുടെ സാമ്പത്തിക സ്ഥിതിയില്‍ കാണുന്നുണ്ട്

സാമ്പത്തിക പ്രതിസന്ധിയെ കേന്ദ്രം നേരിടുന്നത് ഒട്ടകപ്പക്ഷി നയത്തിലൂടെ

ബാങ്കില്‍ പണമുണ്ടെങ്കിലും വായ്പയെടുക്കാന്‍ ആളില്ല

അഞ്ച് മാസം കഴിഞ്ഞിട്ടും നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒടുങ്ങിയിട്ടില്ല

ലക്ഷ്യമിട്ട 20 ശതമാനം നികുതി വരുമാനം നേടാന്‍ സാധിക്കില്ല, 15 ശതമാനമേ നേടാനാവൂ

സാമ്പത്തികം

വാറ്റ് വ്യാപാരികള്‍ക്ക് 2005-06 മുതല്‍ 2010-11 സാമ്പത്തികവര്‍ഷം വരെയുളള നികുതികുടിശ്ശിക പൂര്‍ണമായും അടച്ചാല്‍ കുടിശികയുടെ പലിശയും പിഴത്തുകയുടെ 70 ശതമാനവും പിഴയുെട പലിശയും ഇളവ്.

മൂല്യവര്‍ധിതനികുതി നിയമത്തില്‍ ആംനസ്റ്റി സ്‌കീമുകള്‍. 25,000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി കിഫ്ബിയില്‍ പ്രഖ്യാപിച്ചു. കിഫ്ബിക്ക് 110 കോടി രൂപ. ആറ് മാസം കൊണ്ട് കിഫ്ബി കൈവരിച്ച് നിര്‍ണായകമായ നേട്ടങ്ങള്‍. സംസ്ഥാനപദ്ധതി അടങ്കല്‍ തുകയില്‍ പത്തര ശതമാനം വളര്‍ച്ച. തദ്ദേശീയ സ്ഥാപനങ്ങള്‍ക്ക് 9748 രുപ അനുവദിക്കും. റവന്യു കമ്മി നേരിടാന്‍ കിഫ്ബി വഴി ധനസമാഹരണം.

വിദ്യാഭ്യാസം

പൊതുവിദ്യാലയങ്ങളില്‍ 10 ശതമാനം കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കും. പൊതു വിദ്യാഭ്യാസ അടങ്കല്‍ 826 കോടി. വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ സഹായം. ഇടമലക്കുടി പഞ്ചായത്തില്‍ സ്‌കൂള്‍ അനുവദിക്കും. 2018 ഓടെ സംസ്ഥാനത്തെ 4500 ക്ലാസ് മുറികള്‍ ഹൈടെക് ആകും.

സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ് റൂമുകള്‍ക്കായി 500 കോടി രൂപ, ലാബുകള്‍ക്കും സ്‌കൂള്‍ നവീകരണത്തിന് നാലു പദ്ധതികള്‍. എല്ലാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും നവീകരിക്കും. ഹയര്‍ സെക്കന്ററി മേഖലകളില്‍ പുതിയ സ്‌കൂളുകള്‍, 2500 അധിക അധ്യാപക തസ്തികകള്‍.

പുതിയ 250 പഞ്ചായത്തുകളില്‍ കൂടി ബഡ്‌സ് സ്‌കൂള്‍ സ്ഥാപിക്കും. ഭിന്ന ശേഷിക്കാര്‍ക്കായുള്ള ബഡ്‌സ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും.സര്‍വകലാശാലകള്‍ക്ക് 351 കോടി നല്‍കും.

ആരോഗ്യം

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 2000 കോടി രൂപ അനുവദിക്കും. എട്ടു കോടി രുപ ചിലവില്‍ ഓട്ടിസം പാര്‍ക്ക് സ്ഥാപിക്കും. പ്രമേഹം രക്തസമ്മര്‍ദ്ദം കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് സൗജന്യ ഗുളികകള്‍. രോഗികളെ പരിശോധിച്ച് ഡേറ്റാബാങ്ക് തയ്യാറാക്കും. അവയവമാറ്റം നടത്തിയവര്‍ക്ക് 10 ശതമാനം നിരക്കില്‍ മരുന്ന്. ആരോഗ്യമേഖലയില്‍ 5257 തസ്തികള്‍ സൃഷ്ടിക്കും. ജീവിതശൈലീ രോഗങ്ങള്‍ക്ക് സൗജന്യമരുന്ന്. ജീവിത ശൈലി രോഗങ്ങള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനം. കാരുണ്യക്ക് 350 കോടി, കാരുണ്യ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഒരു വര്‍ഷം കൂടി തുടരും, മറ്റു പദ്ധതികള്‍ക്കെല്ലാം കൂടി 1000 കോടി.

സ്ത്രീസുരക്ഷ

സ്ത്രീസുരക്ഷക്ക് പ്രാധാന്യം. ഇരകളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും 5 കോടി രൂപ. ഷെല്‍ട്ടര്‍ ഹോംസ്, ഷോര്‍ട്ട് സ്റ്റേ ഹേംസ് തുടങ്ങിയവക്ക് 19.5 കോടി. സ്ത്രീകളുടെ പെട്ടെന്നുള്ള സംരക്ഷണത്തിന് 5 കോടി രൂപ. പിങ്ക് കണ്‍ട്രോള്‍ റൂമിന് 12 കോടി രണ്ട് രക്ഷാ വീടുകള്‍. ജന്‍ഡര്‍ ബജറ്റ് പുനസ്ഥാപിച്ചു

സാമൂഹ്യക്ഷേമപദ്ധതികള്‍

60 കഴിഞ്ഞ ആദായ നികുതി നല്‍കാത്തവര്‍ക്ക് പെന്‍ഷന്‍ അര്‍ഹത. ശിശുക്ഷേമത്തിന് 1,621 കോടി രൂപ്. വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ക്ക് 30 കോടി രൂപ. മഴവെള്ള കൊയ്ത്തിന് 18 കോടി രൂപ. കുടിവെള്ള പദ്ധതികള്‍ക്ക് കിഫ്ബി വഴി 1700 കോടി രൂപ നിക്ഷേപിക്കും. വ്യാപാരികള്‍ക്ക് രക്ഷാ പദ്ധതി. ആശ വര്‍ക്കര്‍ അംഗന്‍വാടി പ്രീ പ്രൈമറി അധ്യാപകര്‍ക്ക് ഓണറേറിയം 500 കൂട്ടി.

ഭിന്നശേഷിക്കാര്‍ക്ക് 5 ശതമാനം സംവരണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇന്‍ഷുറന്‍സ്.

കേരളം അഗതി രഹിത സംസ്ഥാനമാകും, അഗതി കുടുംബങ്ങള്‍ക്ക് സഹായം. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ 1100 രൂപയാക്കി. എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരത്തിന് 10 കോടി.

എസ് സി വിഭാഗങ്ങല്‍ക്ക് 2600 കോടി എസ് സി എസ് ടിക്ക് റെക്കോര്‍ഡ് തുക. രണ്ടു പെന്‍ഷനുകള്‍ വാങ്ങുന്നതിന് നിയന്ത്രണം. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 208 കോടി. ശുചിത്വമിഷന് 127 കോടി രൂപയുടെ പദ്ധതി.

ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട്. ഭവനനിര്‍മാണ പദ്ധതികള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വീടിന്റെ പ്ലാന്‍ തിരഞ്ഞെടുക്കാന്‍ അവസരം. ഭിന്നശേഷിയുള്ളവര്‍ക്ക് ബാരിയര്‍ ഫ്രീ പദ്ധതിക്കായി 15 കോടി രൂപ.

ഭക്ഷ്യ സുരക്ഷ

നെല്ല് സംഭരണത്തിന് 100 കോടി അനുവദിച്ചു. റേഷന്‍ സബ്‌സിഡിക്ക് 900 കോടി. റേഷന്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന് 117 കോടി. സ്‌പ്ലൈകോ 2000 കോടി കന്‍സ്യൂമര്‍ ഫെഡിന് 150 കോടി. ഹോര്‍ട്ടികോര്‍പിന് 30 കോടി രൂപ.

കാര്‍ഷികമേഖല

അഞ്ചു പുതിയ കാര്‍ഷികവിള സോണുകള്‍ പ്രഖ്യാപിച്ചു. ക്ഷീരമേഖലയില്‍ 97 കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളി വികസനത്തിനു 150 കോടി രൂപ അനുവദിച്ചു.

തീരദേശ വികസനത്തിന് 216 കോടി, കുരുമുളക് കൃഷി വ്യാപനത്തിനായി 10 കോടി, റബര്‍ വിലസ്ഥിരതാ പദ്ധതിക്കായി 500 കോടിയും വകയിരുത്തി.
കാര്‍ഷിക മേഖല അടങ്കല്‍ 2106 കോടി. മത്സ്യതൊഴിലാളി അപകട ഇന്‍ഷുറന്‍സ് കൂട്ടി.

മൃഗസംരക്ഷണത്തിന് 308 കോടി. ക്ഷീര കര്‍ഷക പെന്‍ഷന്‍ 1100 രൂപയാക്കി. കാസര്‍ഗോഡ് പാക്കേജിനു 90 കോടി രൂപ അനുവദിച്ചു.

കയര്‍, കശുവണ്ടി

കയര്‍ തൊഴിലാളികള്‍ക്ക് 200 ദിവസം തൊഴില്‍ ഉറപ്പാക്കും. കയര്‍ സബ്‌സിഡിക്ക് 47 കോടി. 2 ലക്ഷം ക്വിന്റല്‍ കയര്‍ സംഭരിക്കും. കയര്‍ ഉല്‍പന്നങ്ങള്‍ മിനിമം കൂലി ഉറപ്പുവരുത്തുന്ന രീതിയില്‍ സംഭരിക്കും. ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്ര സ്‌കൂള്‍ ആരംഭിക്കും.

കശുമാവ് കൃഷി വ്യാപനത്തിന് 6.5 കോടി. കശുവണ്ടി ഫാക്ടറി നവീകരണത്തിന് 42 കോടി , തോട്ടണ്ടി സംഭരണത്തിന് 30 കോടി. 100 ചകിരിമില്ലുകള്‍ ആരംഭിക്കും, ആകെ 123 കോടി വകയിരുത്തി.

ഐടി ടൂറിസം

ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കും. 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യം. മറ്റുള്ളവര്‍ക്കെല്ലാം കുറഞ്ഞ ചിലവില്‍ ഇന്റര്‍നെറ്റ്.

ടൂറിസം, ഐടി പദ്ധതികള്‍ക്കായി 1375 കോടി വകയിരുത്തി. കെ ഫോണ്‍ ഇന്റര്‍നെറ്റ് വ്യാപനശൃംഖലയ്ക്ക് 1000 കോടി അനുവദിച്ചു.

അക്ഷയ കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം. ഐടി മേഖലയിലെ അടങ്കല്‍ 540 കോടി രൂപയാക്കും. സമ്പൂര്‍ണ്ണ ഇഗവേര്‍ണന്‍സിനും വര്‍ക്ക്‌ഷോപ്പ് നവീകരണത്തിനും 21 കോടി.

ഐടി മേഖലയ്ക്ക് 500 കോടി. 12 ഐ.ടി ഹാര്‍ഡ് വെയര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. യുവജന സംരഭകത്വ പരിപാടിക്ക് 70 കോടി രൂപ.

വയനാട് പാക്കേജിനു 19 കോടി രൂപ അനുവദിച്ചു.

പൊതുമേഖല

കൈത്തറി മേഖലയ്ക്ക് 72 കോടി നല്‍കാനും സ്‌കൂള്‍ യൂണിഫോമുകള്‍ കൈത്തറി മേഖലയില്‍ നിന്ന് വാങ്ങാനും തീരുമാനം.

കെഎസ്ആര്‍ടിസി പെന്‍ഷന്റെ 50 ശതമാനം സര്‍ക്കാര്‍ സഹായം നല്‍കും. 2017-2018 കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ വര്‍ഷം. ലക്ഷ്യം ലാഭം. മൂന്ന് വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസി വരവ് ചെലവ് സന്തുലനം ലക്ഷ്യം. സമ്പൂര്‍ണ്ണ ഇഗവേര്‍ണന്‍സിനു വര്‍ക്ക്‌ഷോപ്പ് നവീകരണത്തിനും 21 കോടി. മാനേജ്‌മെന്റ് അഴിച്ചുപണിയും. പ്രെഫഷണലുകളെ നിയമിക്കും.

പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ സമയ ബന്ധിത പദ്ധതികള്‍. കിന്‍ഫ്രക്ക് 111 കോടി, വ്യവസായ ഇടനാഴി കിഫ്ബി വഴി. ചെറുകിട ഇടത്തരം വ്യവസായ 408 കോടി അടങ്കല്‍. കരിമണല്‍ ഖനനം പൊതുമേഖലയില്‍ വിപുലപ്പെടുത്തും. വിവിധ ഐടി പാര്‍ക്കുകള്‍ക്ക് 549 കോടി അനുവദിച്ചു.

പ്രവാസി ക്ഷേമം

പ്രവാസി ക്ഷേമ പെന്‍ഷന്‍ കൂട്ടി, പ്രവാസി പെന്‍ഷന്‍ 500 ല്‍ നിന്ന് 2000 രൂപയാക്കി. വിദേശമലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് ലോക കേരള സഭ. ജനസംഖ്യാനുപാതത്തില്‍ രാജ്യങ്ങളുടെ പ്രതിനിധികളും കേരള നിയമസഭാംഗങ്ങളും അംഗങ്ങള്‍. കിഫ്ബിക്ക് പണം സംഭരിക്കാന്‍ പ്രവാസി ചിട്ടി.

പൊതുമരാമത്ത്

റോഡ് വികസനം മുഖ്യലക്ഷം. തീരദേശ പാതക്ക് 1500 കോടി. 5268 കോടിയുടെ മറ്റു റോഡു നിര്‍മാണ പദ്ധതികളും നടപ്പിലാക്കും.

മലയോര ഹൈവേ ഒന്‍പത് ജില്ലകളിലൂടെ. 1267 കിലോമീറ്റര്‍ മലയോര ഹൈവേക്കായി 3200 കോടി രൂപ കിഫ്ബി നിക്ഷേപം. തീരദേശമലയോര ഹൈവേക്കായി 10,000 കോടിയുടെ കിഫ്ബി ഫണ്ട്.

2017-2018 വര്‍ഷത്തെ റോഡ് പാലം നിര്‍മാണത്തിന് 1350 കോടി. റോഡു വികസനത്തിന് അഞ്ചുവര്‍ഷം കൊണ്ട് 50000 കോടി രൂപ നിക്ഷേപം.

ദേശീയപാത വികസനത്തിന് കിഫ്ബി വഴി 6500 കോടി. റോഡ്, പാലം നിര്‍മാണങ്ങള്‍ക്ക് 1350 കോടി രൂപ. പാലങ്ങളുടെ സുരക്ഷ അവലോകനം ചെയ്ത് അപകടത്തിലായവ പുനരുദ്ധാരണം ചെയ്യും. റോഡ്പാലം പുനരുദ്ധാരണത്തിനായി 612 കോടി അനുവദിച്ചു. കരാറുകാരുടെ കുടിശ്ശിക ഇല്ലാതാക്കും.69 പാലങ്ങള്‍ക്കും മേല്‍പാലങ്ങള്‍ക്കും 2,557 കോടി രൂപയും അനുവദിച്ചു.

കൊച്ചി സംയോജിത ഗതാഗത വികസനത്തിന് 682 കോടി വായ്പയായി സമാഹരിക്കും.

വൈദ്യുതി

മാര്‍ച്ച് 31ന് മുന്‍പ് കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കും. വൈദ്യുതി ശൃംഖല നവീകരിക്കാന്‍ കിഫ്ബി ധനസഹായം നല്‍കും. സൗരോര്‍ജ കാറ്റാടി പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും.

സാംസ്‌കാരികം

കൊച്ചി ബിനാലെക്ക് രണ്ടു കോടി രൂപ, അഞ്ച് ഏക്കര്‍ ഏറ്റെടുത്ത് ബിനാലെക്ക് സ്ഥിരം വേദി. 1000 യുവകലാകാരന്മാര്‍ക്ക് വജ്രജൂബിലി ഫെലോഷിപ്പ് വക മാസത്തോറും 10,000 രൂപ

പരിസ്ഥിതി

മണ്ണ് ജല സംരക്ഷണത്തിന് 150 കോടി. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 208 കോടി. കാലവര്‍ഷക്കാലത്ത് മൂന്നുകോടി മരങ്ങള്‍ നടും

മറ്റുള്ളവ

ശബരിമല മാസ്റ്റര്‍ പ്ലാനിന് 25 കോടി രൂപ. കണ്ണൂര്‍ വിമാനത്താവള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും.

തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി പരിസരം ശുചീകരണം നടത്തും.

എഞ്ചിനിയര്‍മാര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശമ്പളം നല്‍കും. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കും.

മണ്ണെണ്ണ സബ്‌സിഡിക്ക് 25 കോടി രൂപ.

കുന്നംകുളം പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പുതിയ താലൂക്കുകള്‍. തിരുവനന്തപുരം, തൃശൂര്‍, കാസര്‍ഗോഡ് ഡിവിഷനുകളില്‍ പുതിയ റവന്യൂ ഡിവിഷനുകള്‍. ആധുനിക ശ്മശാനങ്ങള്‍ക്ക് 100 കോടി.

പത്രപ്രവര്‍ത്തക പെന്‍ഷന്‍ കൂട്ടി. പദ്ധതിയംഗങ്ങള്‍ക്ക് 2000 രൂപയും അല്ലാത്തവര്‍ക്ക് 1000 രൂപയും.

Top