Kerala budjet-transportation

തിരുവനന്തപുരം: സംസ്ഥാനത്തെ അടിസ്ഥാന വികസനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റില്‍ റോഡുകളുടെ വികസനത്തിനും പാലങ്ങളുടെ നിര്‍മ്മാണത്തിനുമാണ് ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക നീക്കിവെച്ചിരിക്കുന്നത്. 1206 കോടി രൂപയാണ് ഈ ഇനത്തില്‍ മാറ്റിവച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസി കൊച്ചിയില്‍ സിഎന്‍ജി ബസുകള്‍ ഓടിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപനം നടത്തി. ദേശീയ – സംസ്ഥാന പാതയിലെ പ്രധാന ജങ്ഷനുകളില്‍ ഫ്‌ളൈ ഓവറുകളും അണ്ടര്‍ പാസുകളും നിര്‍മിക്കും.

തൊടുപുഴയില്‍ ഫ്‌ലൈ ഓവര്‍ നിര്‍മിക്കാന്‍ 10 കോടി വകയിരുത്തി. പാലാ ഏറ്റുമാനൂര്‍ ഹൈവേ നാലുവരിപ്പാതയാക്കുന്നതിനും തുക വകയിരുത്തി. ഏഴു വെഹിക്കിള്‍ സര്‍വീസ് സ്റ്റേഷനുകള്‍ക്കായി 17.7 കോടിരൂപ വകയിരുത്തി.

കൂടാതെ, ഉള്‍നാടന്‍ ജലപാതവഴി ചരക്കുനീക്കത്തിന് സബ്‌സിഡി എര്‍പ്പെടുത്തി. ഒരു ടണ്‍ ചരക്കിന് കിലോമീറ്ററിന് ഒരു രൂപ നിരക്കില്‍ സബ്‌സിഡി നല്‍കും. കനാല്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കാനും പുതിയ പദ്ധതിയുള്‍പ്പെടുത്തിയിട്ടുണ്ട്.

10 പ്രധാന റോഡ് പദ്ധതികളാണ് ഈ വര്‍ഷം ഏറ്റെടുത്ത് വികസിപ്പിക്കുക. ചവറ കെഎംഎംഎല്‍-കൊട്ടിയം റോഡ്, പാലക്കാട് ലിങ്ക് ബൈപ്പാസ്, കുറ്റിപ്പുറംഷൊര്‍ണൂര്‍, മാനാഞ്ചിറ-വെള്ളമാട്കുന്ന് നാല് വരിപ്പാത, പുല്ലേപ്പടി-തമ്മനം ബൈപ്പാസ്, തൃശൂര്‍ ബൈപ്പാസ്, ഗുരുവായൂര്‍-ചാവക്കാട് റോഡ്, സുല്‍ത്താന്‍ ബത്തേരി ബൈപ്പാസ് കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് മൂന്നാം ഘട്ടം വികസനത്തിനായി 100 കോടി രൂപ വകയിരുത്തി.

കളമശ്ശേരിമുതല്‍ നെടുമ്പാശ്ശേരി വിമാനത്താവളം വരെ നാലുവരിയാക്കുന്നതിന് ഭൂമി ഏറ്റെടുക്കലിനായിട്ടാണ് 100 കോടി നീക്കിവെച്ചിരിക്കുന്നത്.

Top