തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഒരു ശതമാനം പ്രളയസെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കും. ഹോട്ടല്‍ താമസവും ഭക്ഷണവും ഉള്‍പ്പടെയുള്ളവയ്ക്ക് വില കൂടും. ജി.എസ്.ടിക്ക് പുറമേയാണ് ഒരു ശതമാനം സെസ് നല്‍കേണ്ടി വരിക.
ജി.എസ്.ടിയില്‍ 12,18,28 ശതമാനം സ്ലാബുകളില്‍ വരുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഒട്ടുമിക്ക ഉത്പന്നങ്ങളും ഈ ഗണത്തിലാണ് വരുന്നത്.
ടൂത്ത് പേസ്റ്റിനും സോപ്പിനും സ്‌കൂള്‍ ബാഗിനും നോട്ട്ബുക്കിനും കണ്ണടക്കും ഉള്‍പ്പെടെ വില കൂടും. ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും ഒരു ശതമാനം സെസ് ബാധകമാണ്.
സിനിമാ ടിക്കറ്റിനും ടിവി,ഫ്രിഡ്ജ് മുതലായ ഗൃഹോപകരണങ്ങള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും വില കൂടും. ഇതിന് പുറമേ വാഹനങ്ങള്‍ക്കും സ്വര്‍ണത്തിനും വെള്ളിക്കും വില വർദ്ധിക്കും.
സംസ്‌കരിച്ച പഴവര്‍ഗങ്ങള്‍ക്കും പച്ചക്കറി ഉത്പന്നങ്ങള്‍ക്കും ജി.എസ്.ടിക്ക് പുറമേ ഒരു ശതമാനം സെസ് നല്‍കണം. മറ്റ് സംസ്ഥാനങ്ങളില്‍ ഇതേ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കുമെന്ന ആശങ്കയും സംസ്ഥാന സര്‍ക്കാറിനുണ്ട്. ഉയര്‍ന്ന വിലയുള്ള സാധനങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ വന്‍ വരുമാന വര്‍ധനവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.