കോൺഗ്രസ്സിലെ ‘കമ്യൂണിസ്റ്റുകാരനാണ്’ പി.ടി തോമസ്, അരൂരിലും അത് തെളിയിച്ചു !

രൂരിലെ യുഡിഎഫിന്റെ അട്ടിമറി വിജയത്തിനു പിന്നില്‍ നാം കാണാതെ പോകുന്ന ഒന്നുണ്ട്, അത് പി.ടി തോമസിന്റെ നേരിന്റെ രാഷ്ട്രീയമാണ്. കോണ്‍ഗ്രസില്‍ നിലപാടുള്ള നേതാവായ പി.ടി തോമസിന്റെ പ്രചരണ നേതൃത്വമാണ് ഷാനിമോള്‍ക്ക് ശരിക്കും ഗുണമായിരിക്കുന്നത്. അരൂരിലെ തിളക്കമാര്‍ന്ന ഈ വിജയത്തില്‍ പി.ടി തോമസിന്റെ നട്ടെല്ലുള്ള രാഷ്ട്രീയവും ഇനി ചര്‍ച്ച ചെയ്യപ്പെടണം.


ജാതി, സമുദായ സമവാക്യത്തിനെതിരെ രാഷ്ട്രീയം പറഞ്ഞാണ് പി.ടി തോമസ് ഇടത്കോട്ടയായ അരൂരില്‍ പ്രചരണം നയിച്ചിരുന്നത്. കെ.പി.സി.സി നേതൃത്വം പ്രചരണച്ചുമതല തൃക്കാക്കര എം.എല്‍.എ കൂടിയായ പി.ടി തോമസിനെ ഏല്‍പ്പിക്കുമ്പോള്‍ വിജയം മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. പ്രതിസന്ധികളില്‍ പതറാതെ നിലപാടുകൊണ്ടും ആത്മാര്‍ത്ഥകൊണ്ടും പോരാടി വിജയിക്കുന്ന നേതാവെന്ന പി.ടിയുടെ ഈ പ്രതിഛായ തന്നെയാണ് അരൂരില്‍ യു.ഡി.എഫ് പ്രചരണത്തെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ചിരുന്നത്.

ഈഴവ സമുദായാംഗത്തിന് സീറ്റ് നല്‍കാത്തതിന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇടഞ്ഞപ്പോഴും എസ്.എന്‍.ഡി.പി വോട്ടുകളും ബി.ഡി.ജെ.എസ് വോട്ടുകളും ഇടതുപക്ഷത്തേക്കു പോകുമെന്ന ഭീഷണിയുണ്ടായപ്പോഴും പി.ടി കലുങ്ങിയിരുന്നില്ല. ഇതിനെയെല്ലാം അതിജീവിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അരൂരില്‍ പി.ടി ആവിഷ്‌ക്കരിച്ചിരുന്നത്. ഈ തന്ത്രം മൂലം വെള്ളാപ്പള്ളിയുടെ കക്ഷത്തിലിരുന്ന വോട്ടുകള്‍ പോലും സമാഹരിക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. സ്വന്തം സമുദായ അംഗങ്ങള്‍ക്കിടയില്‍ പോലും സ്വാധീനം ഇല്ലാത്തെ നേതാവായാണ് വെള്ളാപ്പള്ളി ഇപ്പോള്‍ മാറിയിരിക്കുന്നത്. അദ്ദേഹം എന്ത് നിലപാട് സ്വീകരിച്ചാലും അതിനെതിരെയാണ് ഈഴവ സമൂഹം നിലപാട് സ്വീകരിച്ച് വരുന്നത്.

യഥാര്‍ത്ഥത്തില്‍ വെള്ളാപ്പള്ളിയുടെ പിന്തുണയാണ് അരൂരില്‍ സിപിഎമ്മിനെ ചതിച്ചത്. ഈ സമുദായ നേതാവ് ചുവപ്പിനെ പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ യുഡിഎഫിന് സാധ്യത കുറയുമായിരുന്നവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പോലും സമ്മതിക്കുന്നത്.

ഷാനിമോള്‍ ഉസ്മാനെതിരെയുള്ള മന്ത്രി ജി.സുധാകരന്റെ പൂതന പ്രയോഗവും ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയ മറ്റൊരു ഘടകമാണ്. ഇക്കാര്യങ്ങള്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്താന്‍ പി.ടി തോമസിന്റെ നേതൃത്വത്തിലുള്ള പ്രചരണ വിഭാഗത്തിന് ഫലപ്രദമായി കഴിഞ്ഞിട്ടുണ്ട്. അരൂരിലെ പ്രദേശിക പൊളിറ്റിക്‌സ് ശരിക്കും മനസിലാക്കിയായിരുന്നു പി.ടിയുടെ കരുനീക്കങ്ങള്‍.


ആലപ്പുഴ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വെളിച്ചത്തില്‍ കോണ്‍ഗ്രസിലെ കാലുവാരല്‍ തടയാന്‍ പ്രതിരോധം തീര്‍ത്തതും പി.ടിയാണ്. കാലുവാരാന്‍ ഒരുങ്ങി നിന്നവരോട് ഇനി പാര്‍ട്ടിയിലുണ്ടാകില്ലെന്ന് തന്റെ ശൈലിയില്‍ തുറന്നടിക്കാനും അദ്ദേഹം ചങ്കൂറ്റം കാട്ടി. ഇതോടെ സ്ഥാനമോഹികളായ നേതാക്കളെല്ലാം പി.ടി യുടെ രോഷത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

എ.എം ആരിഫ് 38,500 വോട്ടിന് വിജയിച്ച അരൂരിലാണ് മനു സി പുളിക്കല്‍ എന്ന യുവനേതാവിനെ യുഡിഎഫ് പരാജയപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും വരെ തമ്പടിച്ച് പ്രവര്‍ത്തിച്ചിട്ടും ഷാനിമോള്‍ ഉസ്മാന്‍ 2,079 വോട്ടിന് വിജയിച്ചത് ചെറിയ കാര്യമൊന്നുമല്ല. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്ത ഇടത് മുന്നേറ്റത്തിലും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നത് അരൂരിലേറ്റ അപ്രതീക്ഷിത പരാജയം തന്നെയാണ്.

അരൂരിലെ പരാജയം പാര്‍ട്ടി പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളില്‍തന്നെ പരാജയത്തിന്റെ ആഘാതം നിഴലിക്കുന്നുണ്ട്.

യു.എ.യിയില്‍ കേസില്‍ കുടുങ്ങിയ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചെടുക്കാന്‍ നടത്തിയ ഇടപെടല്‍ വഴി എസ്.എന്‍.ഡി.പി വോട്ടുകള്‍ ഒന്നിച്ചു ലഭിക്കുമെന്ന സി.പി.എം കണക്ക് കൂട്ടലുകളാണ് അരൂരില്‍ തകര്‍ന്നിരിക്കുന്നത്. വെള്ളാപ്പള്ളി പറയുന്നതിനനുസരിച്ചല്ല ഈഴവ സമുദായം വോട്ടു ചെയ്യുന്നതെന്ന് ആലപ്പുഴ മുമ്പ് പലവട്ടം തെളിയിച്ചതാണ്. ഇക്കാര്യം മറന്നതാണ് സിപിഎമ്മിന് ഇപ്പോള്‍ വിനയായിരിക്കുന്നത്.

വി.എം സുധീരനെ പരാജയപ്പെടുത്തുമെന്ന് വെള്ളാപ്പള്ളി പരസ്യമായി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിലാണ് സുധീരന്‍ മിന്നുന്ന വിജയം നേടിയിരുന്നത്. കെ.സി വേണുഗോപാലിനെതിരെ വെള്ളാപ്പള്ളി നിലപാടെടുത്തപ്പോഴും വെള്ളാപ്പള്ളിയെ തള്ളി ആലപ്പുഴ കെ.സിയെയാണ് വിജയിപ്പിച്ചിരുന്നത്.

ജാതി, മത സംഘടനകളുടെ വിലപേശലിനും സമ്മര്‍ദ്ദത്തിനും വഴങ്ങുന്നതല്ല രാഷ്ട്രീയമെന്ന ഉറച്ച നിലപാടുള്ള നേതാവാണ് പി.ടി തോമസ്.

ഇടുക്കിയില്‍ കത്തോലിക്കാസഭയുടെ കോപത്തിനിരയായി മത്സരിക്കാന്‍ സീറ്റുപോലും നഷ്ടമായിടത്തു നിന്നാണ് തൃക്കാക്കര എം.എല്‍.എയായി പൂര്‍വ്വാധികം ശക്തിയോടെ അദ്ദേഹം മടങ്ങിയെത്തിയിരുന്നത്. കത്തോലിക്കാ സഭയുടെ അപ്രീതിക്ക് പാത്രമായ പി.ടിയുടെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്ന് വിധിയെഴുതിയവര്‍ക്കുള്ള മറുപടിയായിരുന്നു തൃക്കാക്കരയിലെ തകര്‍പ്പന്‍ വിജയം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് നിലപാടെടുത്ത പി.ടി തോമസ് എം.പിക്കെതിരെ അന്നത്തെ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലാണ് പരസ്യ നിലപാടെടുത്തിരുന്നത്. തുടര്‍ന്ന് ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതാവായ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജിന് സഭയുടെ പരസ്യ പിന്തുണ നല്‍കുകയുമുണ്ടായി. ഇതോടെ കോണ്‍ഗ്രസ് സിറ്റിങ് എം.പിമാരില്‍ പി.ടി തോമസിന് മാത്രം സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വവും നന്ദികേട് കാട്ടി. പി.ടിക്ക് പകരക്കാരനായി ഇറങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസിനെ 50,400 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോയ്സ് ജോര്‍ജ് കോണ്‍ഗ്രസിന്റെ കോട്ടയായ ഇടുക്കി പിടിച്ചെടുത്തിരുന്നത്.

sudheeran
ഇടുക്കി നഷ്ടമായതോടെ പി.ടിയുടെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്ന് വിധിയെഴുതിയിടത്ത് നിന്ന് തന്നെയാണ് അദ്ദേഹത്തിന് തിരിച്ച് വരവും സാധ്യമായിരുന്നത്. കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരന്‍ ഇടപെട്ടാണ് പി.ടിയെ തൃക്കാക്കരയില്‍ മത്സരിപ്പിച്ചിരുന്നത്. ഇവിടെ നിന്നും മികച്ച ഭൂരിപക്ഷത്തിന് വിജയിച്ചാണ് പി.ടി വെന്നിക്കൊടി പാറിച്ചിരുന്നത്.

ഭൂമി കൈയ്യേറ്റങ്ങള്‍ക്കും പ്രകൃതി ചൂഷണങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത പി.ടി തോമസിന്റെ നിലപാട് ശരിവെക്കുന്നതാണ് കേരളം ഇപ്പോള്‍ നേരിട്ട പ്രളയം. കൂടുതല്‍ പ്രകൃതി കൈയ്യേറ്റങ്ങള്‍ നടത്തിയ ഇടുക്കിയിലാണ് പ്രളയം കനത്ത നാശം വിതച്ചിരുന്നത്. കൈയ്യേറ്റക്കാരുടെ വക്കാലത്തേറ്റെടുത്ത കത്തോലിക്കാ സഭാ നേതൃത്വത്തിനുപോലും ഇതോടെ തെറ്റ് തിരുത്തേണ്ടിയും വന്നിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജിന് കത്തോലിക്കാസഭയുടെ പിന്തുണയില്ലെന്ന് ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലാണ് വ്യക്തമാക്കിയിരുന്നത്. രൂപതയിലെ വൈദികര്‍ തെരഞ്ഞെടുപ്പില്‍ ഇടപെടരുതെന്ന് കാണിച്ച് ബിഷപ്പ് തന്നെ സര്‍ക്കുലറും അയക്കുകയുണ്ടായി. ഫലം വന്നപ്പോള്‍ ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് വലിയ ഭൂരിപക്ഷത്തിനാണ് ജയിച്ച് കയറിയത്.

കോണ്‍ഗ്രസില്‍ എന്നും ആദര്‍ശപക്ഷത്ത് നിലയുറപ്പിച്ച നേതാവാണ് പി.ടി തോമസ്. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രസിഡന്റായി ഗ്രൂപ്പ് യുദ്ധകാലത്ത് എ.കെ ആന്റണിക്കൊപ്പം അടിയുറച്ച് നിന്ന യുവ തുര്‍ക്കി.അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പി.ടി തോമസ് എക്കാലത്തും സ്വീകരിച്ചിരുന്നത്. നിലപാടെടുത്താല്‍ പിന്നോട്ട് പോകാത്ത നേതാവെന്ന പ്രതിഛായയാണ് അദ്ദേഹത്തിന്റെ കരുത്ത്.

മുഖ്യമന്ത്രിയായിരിക്കെ ലീഡര്‍ കെ.കരുണാകരനെ കടുത്ത ഭാഷയിലാണ് പി.ടി തോമസ് വിമര്‍ശിച്ചിരുന്നത്. തൊടുപുഴയില്‍ പി.ജെ ജോസഫിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ ചരിത്രവുമുണ്ട്. നടിക്കെതിരെയുണ്ടായ പീഢനവിവരം അറിഞ്ഞ് പാതിരാത്രി ഓടിയെത്തി ഡ്രൈവറെ പോലീസ് പിടിയിലാക്കാനും പി.ടി തോമസിന്റെ ഇടപെടലാണ് സഹായകരമായിരുന്നത്. സഭക്കും കൈയ്യേറ്റക്കാരുടെ സമ്മര്‍ദ്ദത്തിനും വഴങ്ങാതെയാണ് കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് ഇപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്നത്. ജാതി മത സാമുദായിക സമ്മര്‍ദ്ദത്തിനും വിലപേശലിനും വഴങ്ങേണ്ടതില്ലെന്ന പി.ടി തോമസിന്റെ രാഷ്ട്രീയ നിലപാട് തന്നെയാണ് അരൂരിലെ ഷാനിമോള്‍ ഉസ്മാന്റെ വിജയത്തിനും പിന്നിലുള്ള പ്രധാന ശക്തി. അതൊരു യാഥാര്‍ത്ഥ്യവുമാണ്.

political reporter

Top