ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന്റെ ട്വന്റി ട്വന്റി വിജയം നഷ്ടപ്പെടുത്തി ആലപ്പുഴയില്‍ കാലുവാരി തോല്‍പ്പിച്ചവര്‍ക്ക് സി.പി.എം കോട്ടയായ അരൂരില്‍ അട്ടിമറി വിജയത്തോടെ മറുപടി നല്‍കിയിരിക്കുകയാണ് ഷാനിമോള്‍ ഉസ്മാന്‍. 15 തെരഞ്ഞെടുപ്പില്‍ പത്തിലും ഇടതുപക്ഷത്തിനൊപ്പം നിന്ന ചെങ്കോട്ടയിലാണ് ഷാനിമോള്‍ അട്ടിമറി വിജയം നേടിയത്.
ആലപ്പുഴ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ എ.എം ആരിഫിന്റെ മണ്ഡലമായ അരൂര്‍ തന്നെ ഉപതെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്ത് ഷാനിമോള്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 648 വോട്ടിന് ലീഡ് നല്‍കി അരൂര്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ 2079 വോട്ടിനാണ് ഷാനിമോളെ വിജയിപ്പിച്ചത്. ആരിഫിന്റെ 38519 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം അട്ടിമറിച്ചാണ് ഷാനിമോളുടെ വിജയമെന്നതാണ് ഏറെ തിളക്കംപകരുന്നത്. മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എ.ഐ.സി.സി സെക്രട്ടറിയുമായിരുന്ന ഷാനിമോള്‍ മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ടെന്ന പേരുദോഷവും അരൂര്‍ വിജയത്തോടെ തിരുത്തിക്കുറിക്കുകയാണ്.
അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനുമുള്ള തിരിച്ചടികൂടിയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടെ വോട്ടുചോര്‍ച്ചയും ചേര്‍ത്തലയില്‍ വന്‍തിരിച്ചടി നേരിട്ടതും പാലംവലിയെന്ന ആരോപണമാണ് കോണ്‍ഗ്രസില്‍ ഉയര്‍ത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ അരൂര്‍ എം.എല്‍.എ എ.എം ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ കെ.സി സംഘടനാചുമതലയുണ്ടെന്നു പറഞ്ഞ് മത്സരരംഗത്തുനിന്നും മാറുകയായിരുന്നു. ഷാനിമോള്‍ക്കുവേണ്ടി കാര്യമായി പ്രചരണത്തിനിറങ്ങാനും കെ.സി തയ്യാറായില്ല.
ഷാനിമോള്‍ പരാജയപ്പെട്ടാല്‍ ആലപ്പുഴയില്‍ വീണ്ടും കെ.സി വേണുഗോപാലിനോ വേണ്ടപ്പെട്ടവര്‍ക്കോ സീറ്റുറപ്പിക്കാമെന്ന കണക്കുകൂട്ടലും ഐ ഗ്രൂപ്പ് നേതൃത്വത്തിലെ ചിലര്‍ക്കുണ്ടായിരുന്നു. ഐ ഗ്രൂപ്പ് വോട്ടുകളിലെ ഏറിയപങ്കും മുന്‍ കോണ്‍ഗ്രസുകാരനും പി.എസ്.സി ചെയര്‍മാനുമായ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണനാണ് ലഭിച്ചത്. കെ.എസ് രാധാകൃഷ്ണന്‍ 187729 വോട്ടുകളാണ് പിടിച്ചത്. രമേശ് ചെന്നിത്തല 18621 വോട്ടുകള്‍ക്ക് വിജയിച്ച ഹരിപ്പാട്ട് ഷാനിമോള്‍ ഉസ്മാന് 5844 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണന്‍ 26238 വോട്ടുകളും പിടിച്ചു. ഹരിപ്പാട്ട് ഐ ഗ്രൂപ്പ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയെന്ന ആരോപണമാണ് എ ഗ്രൂപ്പ് ഉയര്‍ത്തിയത്. എല്‍.ഡി.എഫ് പോലും ഹരിപ്പാട്ട് ഷാനിമോള്‍ക്ക് 15000 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിച്ചിരുന്നത്.
അരൂര്‍ മണ്ഡലത്തിലെ എം.എല്‍.എയായ ആരിഫിന് കഴിഞ്ഞ തവണ ലഭിച്ചിരുന്ന 38519 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം അട്ടിമറിച്ച് ഷാനിമോള്‍ 648 വോട്ടുകള്‍ക്ക് ലീഡ് ചെയ്തപ്പോഴാണ് പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തില്‍ ലീഡ് കുത്തനെ കുറഞ്ഞത്. ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആലപ്പുഴയില്‍ മന്ത്രിമാരായ തോമസ് ഐസക്ക്, ജി, സുധാകരന്‍, ആരിഫ് എന്നിവരുടെ മണ്ഡലങ്ങളില്‍ യു.ഡി.എഫ് മുന്നേറിയപ്പോള്‍ ചേര്‍ത്തലയില്‍ പതിനേഴായിരത്തോളം വോട്ടിനാണ് ഷാനിമോള്‍ പിന്നില്‍പ്പോയത്. മന്ത്രി പി. തിലോത്തമന്‍ കഴിഞ്ഞ തവണ 7150 വോട്ടുകള്‍ക്ക് വിജയിച്ച ചേര്‍ത്തലയില്‍ ഷാനിമോള്‍ 16894 വോട്ടുകള്‍ക്കാണ് പിന്നിലായത്.
ഇത് കൂട്ടത്തോടെയുള്ള കാലുവാരലായാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിലയിരുത്തലുണ്ടായത്. ഏഴു മണ്ഡലങ്ങളില്‍ ചേര്‍ത്തലയും പ്രതിഭ ഹരിയുടെ കായംകുളത്തും മാത്രമാണ് ആരിഫിന് ലീഡ് നേടാനായത്. അഞ്ചു മണ്ഡലങ്ങളില്‍ ഷാനിമോള്‍ നേടിയ മേല്‍ക്കൈ ചേര്‍ത്തലയിലെയും കായംകുളത്തെയും ഭൂരിപക്ഷം കൊണ്ട് ആരിഫ് മറികടക്കുകയായിരുന്നു.
ആലപ്പുഴയില്‍ തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍തന്നെ അട്ടിമറി നീക്കം കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാമിനെ ആലപ്പുഴയുടെ കാര്യങ്ങള്‍ പരിശോധിക്കാനായി നേതൃത്വം അയച്ചെങ്കിലും ചെന്നിത്തലയുടെ വിശ്വസ്ഥനായ ജോണ്‍സണ്‍ ആലപ്പുഴയിലെ സ്ഥിതിഗതികള്‍ നേതൃത്വത്തെ ശരിയായ രീതിയില്‍ അറിയിച്ച് തിരുത്തല്‍ നടപടിക്കായി ശ്രമിച്ചില്ല.
തിരുവനന്തപുരത്ത് പ്രാദേശിക നേതാക്കള്‍ ഇടഞ്ഞതും പ്രവര്‍ത്തനത്തിലെ മാന്ദ്യവും ശശിതരൂര്‍ പരാതിപറഞ്ഞിരുന്നു. അതോടെ എ.ഐ.സി.സിയും കെ.പി.സി.സിയും ഇടപെട്ട് നിരീക്ഷകനെ അയച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുകയായിരുന്നു. ഈ നീക്കമാണ് തിരുവനന്തപുരത്ത് തരൂരിന് തിളക്കമാര്‍ന്ന വിജയമുണ്ടാക്കിയത്.
സ്വന്തം നിയമസഭാ മണ്ഡലം ഉള്‍ക്കൊള്ളുന്ന ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെങ്കിലും ജാഗ്രത കാണിച്ചെങ്കില്‍ കേരളത്തില്‍ യു.ഡി.എഫിന് ട്വന്റി ട്വന്റി നേട്ടം ഉറപ്പിച്ച് ഇടതുപക്ഷത്തിന് സമ്പൂര്‍ണ്ണപരാജയം സമ്മാനിക്കാമെന്ന വികാരമാണ് യു.ഡി.എഫില്‍ ഉയര്‍ന്നത്.
അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡി.സി.സി പ്രസിഡന്റ് എം. ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചെന്നിത്തല കരുനീക്കിയെങ്കിലും ഷാനിമോള്‍ ഉസ്മാന് തന്നെ നറുക്ക് വീഴുകയായിരുന്നു. കാലുവാരി തോല്‍പ്പിച്ചവര്‍ക്ക് വിജയംകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണിപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍.
political reporter