സംസ്ഥാനത്ത് 32 തദ്ദേശവാര്‍ഡുകളിൽ ഇന്ന് ഉപ തിരഞ്ഞെടുപ്പ്; നാളെ വോട്ടെണ്ണും

തിരുവനന്തപുരം: 32 തദ്ദേശ വാര്‍ഡുകളിലേക്കുളള ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കോർപറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10ന് തുടങ്ങും.

കൊച്ചി ഗാന്ധിനഗര്‍ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് കോര്‍പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമാണ്. പിറവം നഗരസഭയില്‍ യുഡിഎഫ്, എല്‍ഡിഎഫ് അംഗബലം തുല്യമായതിനാല്‍ 14–ാം വാര്‍ഡിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് നഗരസഭാ ഭരണം കിട്ടും. നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം കിട്ടിയ കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തില്‍ വള്ളിയോട് വാർഡിലെ ഉപതിരഞ്ഞെടുപ്പ് ജയം ഭരണം നിലനിര്‍ത്താന്‍ യുഡിഎഫിന് അനിവാര്യമാണ്.

അംഗബലത്തില്‍ യുഡിഎഫും എല്‍ഡിഎഫും തുല്യനിലയിലുളള ഇരിങ്ങാലക്കുട നഗരസഭ 18–ാം ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് ഭരണം നേടാം. തിരുവനന്തപുരം കോർപറേഷനില്‍ നികുതി വെട്ടിപ്പ് വിവാദത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന പ്രാധാന്യം വെട്ടുകാട് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.

Top