തിരുവനനന്തപുരം : മുഖ്യമന്ത്രിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ച അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറിയും പിൻമാറി. ചീഫ് സെക്രട്ടറി വി പി ജോയ്ക്ക് പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം നാളെ പുറപ്പെടും. നോർക്ക – ഐടി-ടൂറിസം സെക്രട്ടറിമാരാകും അബുദാബി നിക്ഷേപ സംഗമത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നതോടെയാണ് യുഎഇ സന്ദര്‍ശനം വാർത്തകളിലിടം പിടിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് യുഎഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നല്കിയതും കേന്ദ്രത്തെ ചൊടിപ്പിച്ചുവെന്നാണ് വിലയിരുത്തൽ.
അബുദാബി ആനുവല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റിങ്ങിന്റെ വെബ്സൈറ്റ് പ്രകാരം നിക്ഷേപകസംഗമത്തിന്റെ പ്രധാന സ്പോണ്‍സര്‍മാരിലൊന്ന് കേരള സര്‍ക്കാരാണ്. രണ്ട് ഗോൾഡന്‍ സ്പോണ്‍സര്‍മാര്‍ മാത്രമാണ് സംഗമത്തിന് ആകെയുള്ളത്. ഒന്നരലക്ഷം ഡോളര്‍ അഥവാ ഒന്നേകാല്‍ കോടിയോളം രൂപ നല്‍കുന്നവരെയാണ് ഗോൾഡന്‍ സ്പോണ്‍സര്‍മാരാക്കുക. ഗോൾഡന്‍ സ്പോണ്‍സര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് നിക്ഷേപക സംഗമത്തിന്റെ ഏതെങ്കിലും ഒരു സെഷനില്‍ സംസാരിക്കാന്‍ അവസരവും ഉദ്ഘാടന ചടങ്ങില്‍ രണ്ട് വിഐപി സീറ്റും ലഭിക്കും.