തിരുവനന്തപുരം: ആരോഗ്യരംഗത്തെ തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള ക്‌ളിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ബില്‍ നിയമമാകുന്നു.
നിയമം നിലവില്‍ വരുന്നതോടെ ചികിത്സാ നിരക്കുകള്‍ ഏകീകരിക്കാന്‍ സര്‍ക്കാരിനു കഴിയും.
നാലു വര്‍ഷം മുമ്പ് മരവിപ്പിച്ച ബില്‍ വരുന്ന നിയസഭാ സമ്മേളത്തില്‍ അവതരിപ്പിക്കാനാണ് നീക്കം.
ചികിത്സാച്ചെലവുകള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക, രോഗവിവരം രേഖാമൂലം രോഗികള്‍ക്കു ലഭ്യമാക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബില്ലാണ് കേരള ക്‌ളിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ബില്‍.
സര്‍ക്കാര്‍ ആശുപത്രികളും ഫാര്‍മസികളും നിയമത്തിന്റെ പരിധിയില്‍ വരും. അപേക്ഷ നല്കുന്ന മുഴുവന്‍ ആശുപത്രികള്‍ക്കും അനുമതി കിട്ടും. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം നടത്തുന്ന പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ സ്ഥിരരജിസ്‌ട്രേഷന്‍ ലഭിക്കില്ല.
കേന്ദ്ര ക്‌ളിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമത്തിന്റെ ചുവടുപിടിച്ച് നാലു വര്‍ഷം മുമ്പ് ബില്‍ തയാറാക്കിയെങ്കിലും നിയമസഭയിലെത്തിയില്ല. സ്വകാര്യലോബിയുട സമ്മര്‍ദ്ദങ്ങളേത്തുടര്‍ന്നാണ് ബില്‍ മരവിപ്പിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ ബില്ലിന് നിയമവകുപ്പിന്റെ അനുമതി ലഭിച്ചു.
നിലവില്‍ കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടിന്റെ പരിധിയിലാണ് സംസ്ഥാനത്തെ ലാബുകള്‍.ഈ നിയമത്തിന്റെ പഴുതുകളുപയോഗിച്ചുള്ള തട്ടിപ്പുകളും ധാരാളം.