കേരളത്തിന്റെത് മികച്ച ഇടപെടല്‍; കേന്ദ്രമന്ത്രി വിലയിരുത്തിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതില്‍ കേരളം നടത്തുന്നത് മികച്ച ഇടപെടലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്നത്തെ കൊവിഡ് സാഹചര്യങ്ങള്‍ അവലോകനം ചെയ്ത ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് അറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ സംസ്ഥാന സര്‍ക്കാരിനെ ബന്ധപ്പെട്ടു. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിശദമായി അദ്ദേഹം ആരാഞ്ഞു.

ഇനി മുതല്‍ ഓരോ ദിവസവും കേരളം നടത്തുന്ന പ്രതിരോധ ഇടപെടലുകളെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.’നമ്മളുടെ കാര്യങ്ങള്‍ കേന്ദ്രം അന്വേഷിക്കുന്നത് നല്ല കാര്യമാണ്. കേന്ദ്രത്തില്‍ നിന്ന് പല സഹായവും നമുക്ക് കിട്ടേണ്ടതായിട്ടുണ്ട്.

കേന്ദ്രമന്ത്രി നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയും മതിപ്പും രേഖപ്പെടുത്തി. കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതായി ഒരു അഭിപ്രായം അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് പല സഹായവും കേരളത്തിന് ലഭ്യമാകേണ്ടതുണ്ട്. അത് കേന്ദ്രമന്ത്രിയോട് ചോദിച്ചിട്ടുണ്ട്,’ എന്നും മുഖ്യമന്ത്രി അറിയിച്ചു.

Top