പൊതുപ്രവര്‍ത്തകന്‍ നിരുത്തരവാദപരമായി പെരുമാറരുത്; അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന് മുഖ്യമന്ത്രി പിണറായ വിജയന്‍. ഇയാള്‍ വിപുലമായ സമ്പര്‍ക്കപ്പട്ടികയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തില്‍ ഇടപെട്ട സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരേയും മൂന്നാര്‍ മുതല്‍ ഷൊളായാര്‍ വരേയും സഞ്ചരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

സ്‌കൂളുകള്‍, പൊതുസ്ഥാപനങ്ങള്‍, നിയമസഭാ മന്ദിരം തുടങ്ങി സ്ഥാപനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും പിണറായി വിജയന്‍ ചോദിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടവും അങ്കലാപ്പിലാണ്.

റൂട്ട് മാപ്പ് കണ്ടെത്താന്‍ പോലും ആരോഗ്യ പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടകയാണ്. ഇടുക്കിയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കുക എളുപ്പമല്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളുമായി നിരീക്ഷണത്തിലാകുന്നത് വരെ ഇയാള്‍ അടുത്തിടപഴകിയിരുന്നു. വിദേശബന്ധം ഇല്ലാത്ത ഇദ്ദേഹത്തിന് ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നും വ്യക്തമാകാത്തതും ആരോഗ്യ വകുപ്പിന് തലവേദനയാണ്.

Top