കേരളത്തിൽ ആകെ കുഴപ്പമാണെന്ന പ്രചരണം തന്നെ കുഴപ്പം ; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തില്‍ ആകെ കുഴപ്പമാണെന്ന പ്രചരണം തന്നെ കുഴപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത് നിക്ഷേപങ്ങളെയും വികസന പരിപാടികളെയും മോശമായി ബാധിക്കുമെന്നും, രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതു തന്നെയാണെന്നും സര്‍വകക്ഷിയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയബന്ധമുണ്ടായാലും ക്രിമിനലുകളെ അങ്ങനെത്തന്നെ കാണണമെന്നും, ആക്രമങ്ങളില്‍ പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുന്നുണ്ടെന്നും പിണറായി വ്യക്തമാക്കി.

എന്നാല്‍, പൊലീസ് കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.

ആക്രമമുണ്ടായാല്‍ എല്ലാ പാര്‍ട്ടി നേതാക്കളും സംഭവസ്ഥലത്തെത്തണം. മാത്രമല്ല, എല്ലാ കക്ഷികളും ഒറ്റക്കെട്ടായിനിന്നു കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണത്തിനെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ടായി. സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ നിയന്ത്രിക്കണമെന്നും അഭിപ്രായമുയര്‍ന്നു.

വൈകിട്ട് മൂന്നിന് തൈക്കാട് ഗെസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്. ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തിനു പിന്നാലെ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നു ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിക്കു നിര്‍ദേശം നല്‍കിയിരുന്നു.

സിപിഎം, ബിജെപി ആര്‍എസ്എസ് നേതാക്കള്‍ തമ്മില്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നടന്ന സമാധാന ചര്‍ച്ചകള്‍ക്കു ശേഷമാണു സര്‍വകക്ഷിയോഗം നടന്നത്.

Top