ബെവ്‌കോ അടയ്ക്കാതിരിക്കാന്‍ മുഖ്യമന്ത്രി ഉന്നയിച്ച ന്യായങ്ങള്‍ ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: ബെവ്‌കോ അടയ്ക്കാതിരിക്കാന്‍ മുഖ്യമന്ത്രി വിശദീകരിച്ച കാരണങ്ങള്‍ ചര്‍ച്ചയാകുന്നു. പഞ്ചാബിലും ബിവേറേജസ് തുറന്ന് പ്രവര്‍ത്തിക്കുവെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പക്ഷെ പഞ്ചാബില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്. ഇത് മദ്യമാണെന്ന് തെറ്റിധരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാതിരിക്കാനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയത്. കര്‍ഫ്യുവിന്റെ ഭാഗമായി പഞ്ചാബില്‍ വിദേശ മദ്യവില്‍പ്പനയും നിര്‍ത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ കളിയാക്കി സമുഹമാധ്യമങ്ങളിലും ചര്‍ച്ച സജീവമാണ്. അതേസമയം കൊവിഡിന്റെ സമൂഹവ്യാപനം കേരളത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കേരളത്തിലുള്ളത് ആകെ 314 വെന്റിലേറ്ററുകളും പതിനായിരം കിടക്കകളും മാത്രമാണ്. സമൂഹ വ്യാപനമുണ്ടായാല്‍ അത്രയും രോഗികളെ പരിപാലിക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയാണ് ആരോഗ്യരംഗത്തെ ഇപ്പോള്‍ ആശങ്കയിലാക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

അവശ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. കര്‍ശന നടപടികള്‍ക്ക് ഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങള്‍ക്ക് പൊലീസ് പാസ് നല്‍കും. പാസ് കൈവശമില്ലാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു.

Top