തിരുവനന്തപുരം: മൂന്നുലക്ഷം മലയാളികളുള്‍പ്പെടെ ഖത്തറിലുള്ള ആറു ലക്ഷം ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആശങ്കകള്‍ അകറ്റുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
ഖത്തറില്‍ ആറര ലക്ഷത്തോളം ഇന്ത്യക്കാര്‍ കഴിയുന്നുണ്ട്. അവരില്‍ മൂന്നു ലക്ഷം പേര്‍ മലയാളികളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളുടെ സങ്കീര്‍ണത കണക്കിലെടുത്ത് ഖത്തറില്‍ അടിയന്തരമായി ഇടപെടണം. ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യ ഉള്‍പ്പെടെ ഏതാനും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഖത്തറുമായുളള നയതന്ത്രബന്ധം വിഛേദിക്കുകയും അവിടേക്കുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരിക്കുകയാണ്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് നടപടി.