കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത ; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കോഴിക്കോട്: കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ തീരത്ത് 3.5 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രവും അറിയിച്ചു.

ഇന്ന് മുതല്‍ 24 വരെ തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടലില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അടിയന്തര ഘട്ടമുണ്ടായാൽ തീരപ്രദേങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കണം. ഏതു സാഹചര്യവും നേരിടാൻ സജ്ജരായിരിക്കണമെന്നും കോസ്റ്റൽ എഡിജിപി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

Top