ന്യൂഡല്‍ഹി: ഭവനനിര്‍മാണ- ടൂറിസം മേഖലയ്ക്കു കൂടുതല്‍ ഇളവനുവദിക്കുന്ന പുതിയ തീരദേശ മേഖലാ നിയന്ത്രണച്ചട്ടം നിലവില്‍ വന്നു. നിര്‍മാണ നിരോധന മേഖലയുടെ (എന്‍ഡിസെഡ്) പരിധിയില്‍ വന്ന ഇളവാണ് പ്രധാനമാറ്റം. പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ വിജ്ഞാപനത്തോടെ, 2011 മുതല്‍ തുടരുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരും.
തീരദേശ പരിപാലനത്തിനു ജനസാന്ദ്രത കൂടി പരിഗണിച്ചു 2 മേഖലയായി തിരിച്ചാണ് ഇളവനുവദിച്ചിരിക്കുന്നത്. ചതുരശ്ര കിലോമീറ്ററില്‍ 2161 ലേറെ ജനസംഖ്യയുള്ള നഗരമേഖലയില്‍ നിര്‍മാണ നിരോധനം 50 മീറ്റര്‍ വരെയെ ഉണ്ടാവും. ഒട്ടുമിക്ക തീരദേശ പഞ്ചായത്തുകളിലും ഇതിലേറെ ജനസാന്ദ്രതയുണ്ടെന്നതിനാല്‍ കേരളത്തെ സംബന്ധിച്ചു പ്രധാന തീരുമാനമാണിത്.
2,161ല്‍ താഴെ ജനസംഖ്യയുള്ള ഗ്രാമീണ മേഖലകളില്‍ 200 മീറ്റര്‍ നിര്‍മാണ നിരോധനം തുടരും. തീരദേശത്തിന് അനുബന്ധമായ ദ്വീപുകളില്‍ നിരോധനം 50 മീറ്ററില്‍ നിന്നു 20 മീറ്ററാക്കിയിട്ടുണ്ട്. ഇത്തരം ദ്വീപുകളുള്ള സംസ്ഥാനങ്ങള്‍ സംയോജിത തീര പരിപാലന പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിക്കണം.
നിര്‍മാണങ്ങള്‍ക്കു ഫ്‌ലോര്‍ ഏരിയ അനുപാതം ബാധകമാക്കില്ലെന്നതും പ്രധാന മാറ്റമാണ്. പകരം ടൗണ്‍ പ്ലാനിങ് വിഭാഗം അംഗീകരിക്കുന്ന സ്ഥല വിസ്തൃതി സൂചിക (ഫ്‌ലോര്‍ സ്‌പേസ് ഇന്‍ഡക്‌സ്) ബാധകമാക്കും. നിര്‍മാണത്തിനുള്ള അനുമതി എളുപ്പത്തില്‍ ലഭിക്കാന്‍ ഇതു വഴിയൊരുക്കും. ഫ്‌ലോര്‍ ഏരിയ അനുപാതപ്രകാരം സ്ഥലവിസ്തൃതിയുടെ ഒന്നര ഇരട്ടി മാത്രമേ കെട്ടിടങ്ങള്‍ക്കു വിസ്തൃതി പാടുള്ളു.
ടൂറിസവുമായി ബന്ധപ്പെട്ടു ശുചിമുറി അടക്കമുള്ള അനുബന്ധ സൗകര്യങ്ങളൊരുക്കാന്‍, ‘നോ ഡെവലപ്‌മെന്റ് സോണി’ലും അനുവദിക്കും. വേലിയേറ്റ രേഖയുടെ 10 മീറ്ററിനുള്ളില്‍ നിര്‍മാണം പാടില്ലെന്നു മാത്രം. സ്വകാര്യഭൂമിയിലെ കണ്ടല്‍ക്കാടുകള്‍ അടക്കമുള്ളവയുടെ കരുതല്‍മേഖല നീക്കം ചെയ്തതും ടൂറിസം മേഖലയ്ക്കാണ് ഗുണം ചെയ്യുക.