സംസ്ഥാനം പൂര്‍ണ ലോക്ക് ഡൗണിലേക്ക്; അവശ്യ സാധനങ്ങള്‍ ലഭ്യമാക്കും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം പൂര്‍ണ്ണമായും ലോക്ക് ഡൗണില്‍ (അടച്ചിടല്‍). തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.മാര്‍ച്ച് 31 വരെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍.

അവശ്യസാധനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. കാസര്‍കോട് ജില്ലയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും പ്രവര്‍ത്തനം. ബാറുകള്‍ പ്രവര്‍ത്തിക്കില്ല. ബവ്‌റിജസ് ഔട്ട്‌ലറ്റുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും; സമയത്തിലും ക്രമീകരണങ്ങളിലും മാറ്റമുണ്ടാകും.

ബാങ്കുകള്‍ രണ്ടു മണിവരെ പ്രവര്‍ത്തിക്കും. സംസ്ഥാന അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പും ആശുപത്രിയും പ്രവര്‍ത്തിക്കും. പൊതുയിടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. ആള്‍കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ളിടത് കര്‍ഫ്യു പുറപ്പെടുവിക്കും.

സര്‍ക്കാര്‍ ഓഫിസുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ മറ്റെല്ലാ കടകളും അടയ്ക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. വീടുകളില്‍ ഭക്ഷണ വിതരണം അനുവദിക്കും. സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങുമ്പോള്‍ ശാരീരിക അകലം പാലിക്കണം.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വെള്ളം, വൈദ്യുതി, അവശ്യ സാധനങ്ങള്‍, ടെലികോം എന്നിവ തടസമില്ലാതെ ജനങ്ങള്‍ക്ക് ലഭിക്കും. അതിഥി തൊഴിലാളികള്‍ക്ക് ക്യാംപുകള്‍ ഒരുക്കും. നിരീക്ഷണത്തിലുള്ളവര്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കും. ഉംറ കഴിഞ്ഞുവന്നവരും വിദേശത്തുനിന്ന് നേരത്തെ വന്നവരും ജില്ലാ ഭരണകൂടത്തെ അറിയിക്കണം. അവരെ അറിയുന്നവരും അധികൃതരെ വിവരം അറിയിക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത ശേഖരിക്കാനുള്ള സൗകര്യം അനുവദിക്കും.

Top