കേരള കോണ്‍ഗ്രസ്സ് എന്ന കെ.എം മാണിയുടെ സ്വന്തം പാര്‍ട്ടി ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് വലിയ വെല്ലുവിളി. മാണിയുടെ മരണശേഷം ഉയര്‍ന്ന് വരുന്ന അധികാര തര്‍ക്കങ്ങളാണ് ആ പാര്‍ട്ടിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നത്. ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസിനെ പാര്‍ട്ടി ചെയര്‍മാനാക്കി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാകാനാണ് പി.ജെ.ജോസഫ് ശ്രമിക്കുന്നത്.
ജോസ്.കെ മാണിയും ഭാര്യ നിഷ ജോസ്.കെ മാണിയും കേരള കോണ്‍ഗ്രസിനെ കൈപിടിയിലൊതുക്കുന്നത് തടയാനാണ് പി.ജെ ജോസഫിന്റെ ശ്രമം. ഒരു കാലത്ത് കെ.എം മാണിയുടെ വിശ്വസ്തനായ സി.എഫ് തോമസിനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്. പാലായില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് മാണിയുടെ കുടുംബം ആഗ്രഹിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ചെയര്‍മാന്‍ സ്ഥാനത്തിന് ജോസ്.കെ മാണി പിടിമുറുക്കില്ലന്നാണ് ജോസഫ് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.
നിഷയെ മത്സരിപ്പിക്കുന്നതിനോട് എതിര്‍പ്പുള്ള മാണി വിഭാഗം നേതാക്കളെ കൂടെ നിര്‍ത്താനും ജോസഫ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് എത്രമാത്രം വിജയം കാണും എന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.
കേരള കോണ്‍ഗ്രസ് (എം) ഭരണഘടന പ്രകാരം അടുത്ത ചെയര്‍മാനാകേണ്ടത് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫാണെന്നതാണ് മോന്‍സ് ജോസഫ് എം.എല്‍.എയുടെ നിലപാട്.
‘കെ.എം. മാണി ജീവിച്ചിരുന്നപ്പോള്‍ പാര്‍ട്ടിയോഗങ്ങളില്‍ അദ്ധ്യക്ഷനായിരുന്നത് പി.ജെ. ജോസഫായിരുന്നു. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് അദ്ധ്യക്ഷ സ്ഥാനം വഹിക്കേണ്ടത്. അടുത്ത സ്ഥാനം ഡെപ്യൂട്ടി ചെയര്‍മാനും. അതിനും താഴെയാണ് വൈസ് ചെയര്‍മാന്റെ സ്ഥാനമെന്നും മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടുന്നു. 27ന് നിയമസഭാ സമ്മേളനം തുടങ്ങും മുമ്പ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കണം. കെ.എം. മാണി വഹിച്ചിരുന്ന പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനങ്ങളിലെ ഒഴിവുകളും നികത്തണം. പാര്‍ട്ടിയില്‍ തുറന്ന ചര്‍ച്ച നടത്തി പൊതു ധാരണ ഉണ്ടാക്കിയ ശേഷം മതി ഇനി യോഗമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം.
ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കേണ്ടത് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും. ഉന്നതാധികാര സമിതിയോ സ്റ്റിയറിംഗ് കമ്മിറ്റിയോ ചേര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത്. മൂന്നു സമിതിയിലും മാണി വിഭാഗത്തിനാണ് ഭൂരിപക്ഷം. മാണിയുടെ മരണത്തോടെ എം.എല്‍.എമാരുടെ എണ്ണം ആറില്‍ നിന്ന് അഞ്ചായി. മാണി വിഭാഗത്തിലുള്ള മൂന്നു എം.എല്‍.എമാരില്‍ ഒരാള്‍ ജോസഫിനായി കൈ ഉയര്‍ത്തിയാല്‍ ഭൂരിപക്ഷം മാറും. ഇരു വിഭാഗങ്ങളും ഇപ്പോള്‍ ആളെ കൂട്ടാനുള്ള തീവ്രശ്രമത്തിലാണ്.
കേരള കോണ്‍ഗ്രസ്സ് എം.എല്‍.എമാരില്‍ ജോസഫും മോന്‍സ് ജോസഫും ഒഴികെ ഉള്ളവര്‍ ഇപ്പോഴും ജോസ് കെ മാണിക്കൊപ്പമാണ്. ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റ്യനാണ് ഈ വിഭാഗത്തിന്റെ നേതാവ്.
പി.ജെ.ജോസഫിനെ പാലാ ഉപതിരഞ്ഞെടുപ്പ് കഴിയും വരെ പിണക്കാതെ കൂടെ നിര്‍ത്താനാണ് ജോസ് കെ മാണി ശ്രമിക്കുന്നത്. അതു കഴിഞ്ഞാല്‍ വേണ്ടി വന്നാല്‍ പുറം തള്ളാന്‍ തന്നെയാണ് തീരുമാനം.
ജോസഫ് വിഭാഗത്തിന്റെ നെടുംതൂണുകളായിരുന്ന ഫ്രാന്‍സിസ് ജോര്‍ജും, ആന്റണി രാജുവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടതുപക്ഷത്തേക്ക് ചേക്കേറിയതിനാല്‍ നേതാക്കളുടെ അഭാവവും ജോസഫ് ഗ്രൂപ്പ് നേരിടുന്നുണ്ട്. ഇതു തന്നെയാണ് ജോസ്.കെ മാണിയുടെയും കരുത്ത്.
പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷം ജോസ്.കെ മാണി കേരള കോണ്‍ഗ്രസ്സ് ചെയര്‍മാനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. അതേസമയം പാലായില്‍ നിഷ ജോസ് കെ മാണി പരാജയപ്പെട്ടാല്‍ അത് ജോസ്.കെ മാണിയുടെ നിലയും പരുങ്ങലിലാക്കും. കൂടെ ഉള്ളവര്‍ തന്നെ കൈവിട്ട് പോകാനും ഈ ഒരൊറ്റ പരാജയം മതിയാകും. കഴിഞ്ഞ തവണ 4703 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.എം മാണി വിജയിച്ചിരുന്നത്. മാണി കുടുംബത്തിന്റെ ശത്രു പി.സി ജോര്‍ജിന് സ്വാധീനമുള്ള ചില പഞ്ചായത്തുകളും ഇപ്പോള്‍ പാലയുടെ ഭാഗമാണ്. കുത്തക മണ്ഡലത്തില്‍ താരതമ്യേന ചെറിയ ഭൂരിപക്ഷത്തിന് വിജയിക്കേണ്ടി വന്നത് മാണിക്ക് തന്നെ ക്ഷീണമായിരുന്നു.
ഇപ്പോള്‍ തന്നെ പൂഞ്ഞാര്‍ എം.എല്‍.എ കൂടിയായ പി.സി ജോര്‍ജ്ജ് സര്‍വ്വ സന്നാഹങ്ങളും ഒരുക്കി പാലാ പിടിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മകന്‍ ഷോണ്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോര്‍ജിന് താല്‍പ്പര്യം.നിലവില്‍ എന്‍.ഡി.എയുടെ ഭാഗമായ ജോര്‍ജ് ബി.ജെ.പിയുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്.
എന്നാല്‍ ലോകസഭ തിരഞ്ഞെടുപ്പ് വിധി വന്നതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുകയുള്ളൂ എന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം. കേരള കോണ്‍ഗ്രസ്സിനെ എന്‍.ഡി.എയില്‍ എത്തിക്കുക എന്ന ദൗത്യത്തിന് ഈ പിന്തുണ തടസ്സമാകുമെന്ന് ബി.ജെ.പി ഭയപ്പെടുന്നുണ്ട്. നിലവില്‍ പി.സി തോമസ് മുന്‍കൈ എടുത്ത് ജോസ് കെ മാണിയുമായി ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
എന്‍.ഡി.എയിലേക്ക് ജോസ്.കെ മാണി വിഭാഗം ചാടാന്‍ തീരുമാനിച്ചാല്‍ അത് ജോസഫ് വിഭാഗത്തിനാവും നേട്ടമാകുക. യു.ഡി.എഫില്‍ ജോസഫ് വിഭാഗത്തോടൊപ്പം ഉറച്ച് നില്‍ക്കാന്‍ മാണി വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കളും തയ്യാറായേക്കും.
രാഷ്ട്രീയ ചാണക്യന്‍ കെ.എം മാണി കെട്ടിപ്പടുത്ത കേരള കോണ്‍ഗ്രസ്സ് വലിയ പ്രതിസന്ധിയിലേക്കാണ് ഇപ്പോള്‍ പോകുന്നത്. ആരൊക്കെ കൂടെ നില്‍ക്കും എന്ന കാര്യത്തില്‍ രണ്ട് വിഭാഗത്തിനും ഉറപ്പ് പോരാ.
കേരള കോണ്‍ഗ്രസ്സില്‍ ഒരു പൊട്ടിത്തെറി ഉണ്ടായാല്‍ അത് മധ്യമേഖലയില്‍ യു.ഡി.എഫിന് വലിയ തിരിച്ചടിയാകും സമ്മാനിക്കുക. പിളര്‍ന്നാല്‍ രണ്ട് വിഭാഗത്തെയും ഒരുമിച്ച് കൊണ്ടുപോകലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമായ കാര്യമാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നതും ഈ യാഥാര്‍ത്ഥ്യമാണ്.