കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ ഭിന്നത; ലയനം നടക്കാതെ യോഗം പിരിഞ്ഞു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ ഉയര്‍ന്ന ഭിന്നത കാരണം വിവിധ കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള ലയന ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായി.

പാര്‍ട്ടി ചെയര്‍മാന്‍ അറിയാതെ ജോസഫ് വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തിയത് ശരിയല്ലെന്നും, ഏത് വലിയ നേതാവായാലും അത് തെറ്റായ കീഴ്‌വഴക്കമാണെന്നും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വിമര്‍ശിച്ചു.

ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നായിരുന്നു ഇതിന് അനൂപ് ജേക്കബ് നല്‍കിയ മറുപടി. ലയന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഭിന്നിപ്പുകള്‍ മറനീക്കി പുറത്തുവന്നതോടെ ലയന കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസ് ജേക്കബ് നേതൃയോഗത്തിന് സാധിച്ചില്ല. അതോടെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തെ ദുര്‍ബലപ്പെടുത്താന്‍ ജേക്കബ് വിഭാഗത്തേയും ഇടത് മുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിനേയും ഒപ്പം നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ലയന നീക്കം ആരംഭിച്ചത്.

ജോസഫും ജോസ് കെ മാണിയും തമ്മില്‍ തര്‍ക്കം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് വിവിധ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഒപ്പം ചേര്‍ത്ത് യുഡിഎഫിനുള്ളില്‍ കരുത്ത് തെളിയിക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നത്.

Top