കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം. ബാര്‍ കോഴ ആരോപണങ്ങളില്‍ കേരള കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയെ ഒറ്റതിരിഞ്ഞ് പ്രതിയാക്കാന്‍ ശ്രമിച്ചെന്നുമാണ് തെരഞ്ഞെടുപ്പിനുശേഷമുളള കേരള കോണ്‍ഗ്രസിന്റെ ആദ്യ സ്റ്റിയറിങ് കമ്മിറ്റിയോഗത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണം.
കൂടാതെ സ്വയം ഇല്ലാതായതിനൊപ്പം കോണ്‍ഗ്രസ് ഘടകകക്ഷികളെയും ഇല്ലാതാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു. ബറാബാസിനെ രക്ഷിക്കാനായി യേശുവിനെ ക്രൂശിച്ച പോലെയാണ് മാണിയെ വിവാദങ്ങളില്‍ കോണ്‍ഗ്രസ് കൂട്ടിക്കെട്ടിയതെന്നും കമ്മിറ്റിയില്‍ അംഗങ്ങള്‍ വ്യക്തമാക്കി. അരുവിക്കര ഉപതെരഞ്ഞെടുപ്പ് വരെ യുഡിഎഫ് പ്രവര്‍ത്തനം നല്ല രീതിയിലായിരുന്നു. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
മെത്രാന്‍ കായല്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ പോലും ഉയര്‍ത്താത്ത തരത്തിലുളള ആരോപണങ്ങള്‍ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ഉണ്ടായി. ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തു. കൂടാതെ ബിജെപിയുടെ അധികവോട്ടുകള്‍ 41 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഗുണകരമായി.
വിവാദങ്ങളെ പ്രതിരോധിക്കുവാന്‍ കോണ്‍ഗ്രസിനുള്ളില്‍ വേണ്ട ശ്രമങ്ങള്‍ ഉണ്ടായില്ലെന്നും യോഗം കുറ്റപ്പെടുത്തി. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം കെ.എം മാണി മാധ്യമങ്ങളെ കാണുന്നുണ്ട്.