ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് എമ്മിലെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. നേതാക്കള്‍ രാഷ്ട്രീയ പക്വത കാണിക്കണമെന്നും മുന്നണിയിലെ യോജിപ്പ് നിലനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി അനുരഞ്ജനത്തിന് തയാറാണെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.
അതേസമയം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി.ജെ. ജോസഫ് തുടരണമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി.ജെ. ജോസഫ് തന്നെ തുടരണമെന്നും. ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നതെന്നും, പാര്‍ട്ടി ലീഡര്‍ ജോസഫും ചെയര്‍മാന്‍ ജോസ് കെ. മാണിയും എന്നതാണ് തങ്ങളുടെ നിലപാടെന്നും റോഷി വ്യക്തമാക്കിയിരുന്നു.
ജോസ് കെ. മാണിയെ അനുകൂലിക്കുന്ന വിഭാഗം വിളിച്ചു ചേര്‍ത്ത പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാവ് സി.എഫ്. തോമസ് പങ്കെടുക്കാതിരുന്നത് വിട്ടു നില്‍ക്കലല്ലെന്നും റോഷി കൂട്ടിച്ചേര്‍ത്തു. അതേസമയം, നിലവിലെ സംഭവവികാസങ്ങളില്‍ തുടര്‍ നടപടികള്‍ക്കായി ജോസഫ് വിഭാഗം നിയമോപദേശം തേടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്റര്‍ ഹാളില്‍ കേരള കോണ്‍ഗ്രസ് -എം ഹൈപവര്‍ കമ്മിറ്റിയംഗം കെ.എ. ആന്റണിയുടെ അധ്യക്ഷതയിലാണു സംസ്ഥാന കമ്മിറ്റി യോഗം ഒന്നായാണ് ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ചെയര്‍മാന്‍ തെരഞ്ഞെടുപ്പു മാത്രമായിരുന്നു യോഗത്തിന്റെ അജണ്ട.