കേരളകോണ്‍ഗ്രസ് (എം) പിളര്‍ന്നു; ജോസ്.കെ.മാണി ചെയര്‍മാനാകും. . .

കോട്ടയം: കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തില്‍ ജോസ്.കെ.മാണിയും പി.ജെ ജോസഫും വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത പക്ഷം കേരളകോണ്‍ഗ്രസ് (എം) പിളര്‍ന്നു. ജോസ്.കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ബദല്‍ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

ജോസ്.കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇ.ജെ അഗസ്തിയാണ്. യോഗത്തില്‍ പങ്കെടുത്ത നേതാക്കളെല്ലാം ഈ നിര്‍ദ്ദേശത്തെ പിന്‍താങ്ങുകയും ചെയ്തു.

എന്നാല്‍, സി.എഫ് തോമസ് അടക്കം മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. അഞ്ച് എംഎല്‍എമാരില്‍ യോഗത്തിന് എത്തിയത് രണ്ടു പേര്‍ മാത്രമാണ്.

അതേസമയം, ഭൂരിപക്ഷം സംസ്ഥാനസമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. 220 സംസ്ഥാന സമിതിയംഗങ്ങള്‍ യോഗത്തിന് എത്തിയെന്നാണ് ജോസ്.കെ മാണി വിഭാഗം വ്യക്തമാക്കുന്നത്. സംസ്ഥാന കമ്മറ്റി ഓഫീസില്‍ എത്തി ഉടന്‍ തന്നെ ജോസ്.കെ.മാണി ചുമതലയേല്‍ക്കും.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് ഇടപെട്ടെങ്കിലും ഇത് ഫലം കണ്ടില്ല. സമവായത്തിന് ഉമ്മന്‍ ചാണ്ടിയും, മുല്ലപ്പള്ളി രാമചന്ദ്രനും, രമേശ് ചെന്നിത്തലയും ശ്രമിച്ചിരുന്നു. ജോസ്. കെ.മാണിയുമായും പിജെ ജോസഫുമായും ഇവര്‍ സംസാരിക്കുകയും ചെയ്തിരുന്നു.

Top