കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്ന പി ജെ ജോസഫിന്റെ അന്ത്യശാസനം തള്ളി ജോസ് കെ മാണി വിഭാഗം. അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ജോസഫ് വിഭാഗത്തിന് കഴിയില്ലെന്നാണ് ജോസ് പക്ഷം പറയുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്ന താല്പര്യം പാലാ ഉപതെരഞ്ഞെടുപ്പില്‍ കാണിച്ചിരുന്നെങ്കില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ കഴിയുമായിരുന്നെന്നും ജോസ് കെ മാണി വിഭാഗം പറഞ്ഞു.
ആവശ്യത്തിന് അംഗങ്ങളില്ലാത്തതിനാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ജോസഫ് വിഭാഗത്തിന് കഴിയില്ലെന്നാണ് ജോസ് വിഭാഗത്തിന്റെ വാദം. അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കണമെങ്കില്‍ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ വേണം. എന്നാല്‍ കോട്ടയം ജില്ലാപഞ്ചായത്തില്‍ എട്ടാണുളളത്. പി ജെ ജോസഫിന്റെ കൂടെയുള്ളത് രണ്ട് അംഗങ്ങളും. മുന്നണി മാറ്റം സംബന്ധിച്ച് ഇടതു മുന്നണിയുമായി രഹസ്യചര്‍ച്ച നടത്തുന്ന ജോസഫിന്റെ കരുനീക്കങ്ങളില്‍ കോണ്‍ഗ്രസ് വീഴില്ലെന്നുമാണ് ജോസ് കെ മാണി പക്ഷം പ്രതീക്ഷിക്കുന്നത്.
അതേസമയം, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് വിട്ട് നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. തര്‍ക്കം യുഡിഎഫില്‍ ചര്‍ച്ച ചെയ്യാനും രാഷ്ട്രീയകാര്യസമിതിയോഗം തീരുമാനിച്ചിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവസാന ആറ് മാസം ജോസഫ് വിഭാഗത്തിന് നല്‍കണമെന്നായിരുന്നു ധാരണ. ഈ ധാരണ പാലിക്കണമെന്നാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിന്റെ നിലപാട്. എന്നാല്‍ ധാരണയില്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ മാണി.
തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ഒരു വിഭാഗം യുഡിഎഫ് വിട്ട് പോയാല്‍ മുന്നണിക്ക് ക്ഷീണാകും. അതിനാല്‍ യുഡിഎഫിലെ മറ്റ് കക്ഷികളെ കൂടി വിശ്വാസത്തിലെടുത്താകും തീരുമാനം. അതേസമയം, പ്രശ്‌നപരിഹാരത്തിന് ഘടകക്ഷികളുമായി ചര്‍ച്ച ചെയ്യാന്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഒരുമിച്ച് പോകുന്നതിന് ചില മധ്യസ്ഥരുടെ സഹായവും യുഡിഎഫ് തേടിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന.