കോട്ടയം: കേരള കോണ്‍ഗ്രസ്എം നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത്.യു.ഡി.എഫ് വിടണമെന്ന ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും സംസ്ഥാന ഭാരവാഹികളുടെയും സീനിയര്‍ നേതാക്കളുടെയും ആവശ്യം ഉയര്‍ന്നു വന്ന സഹചര്യത്തിണ് എം ഗ്രൂപ്പ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ ദയനീയ പരാജയത്തിന് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടും ഭരണപരാജയവുമണെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റികളുടെയും സംസ്ഥാന ഭാരവാഹികളുടെയും റിപ്പോര്‍ട്ടും സ്റ്റിയറിങ് കമ്മിറ്റിയുടെ പരിഗണനക്ക് വരും.
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശം നടത്തുന്ന റിപ്പോര്‍ട്ടിന്മേല്‍ ഗൗരവമാര്‍ന്ന ചര്‍ച്ചക്കാണ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും കെ. ബാബുവും ഗൂഢാലോചന നടത്തിയെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സി.എഫ്. തോമസും ജോയി എബ്രഹാം എം.പിയും തയാറാക്കിയ രഹസ്യറിപ്പോര്‍ട്ടും സ്റ്റിയറിങ് കമ്മിറ്റി ചര്‍ച്ച ചെയ്യും.
റിപ്പോര്‍ട്ട് ചര്‍ച്ചക്കുശേഷം പരസ്യപ്പെടുത്തണമെന്ന പ്രമുഖ നേതാക്കളുടെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും കെ.എം. മാണിയടക്കമുള്ള സീനിയര്‍ നേതാക്കള്‍ക്കുണ്ട്.
ഇതോടൊപ്പം യു.ഡി.എഫ് വിടുകയോ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുകയോ വേണമെന്ന ആവശ്യവും ഉയരും. പാര്‍ട്ടി ജില്ലാ കമ്മിറ്റികളില്‍ ബഹുഭൂരിപക്ഷവും ഈ നിലപാടിലാണ് എത്തിച്ചേര്‍ന്നത്. കോണ്‍ഗ്രസുമായി സഹകരിച്ച് ഇനിയും മുന്നോട്ടുപോകാനാകില്‌ളെന്നുവരെ ചില ജില്ലാ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതേസമയം, മുന്നണി വിടുന്നതിനോടോ പ്രത്യേക ബ്ലോക്കായി നിയമസഭയില്‍ ഇരിക്കുന്നതിനോടോ പി.ജെ.ജോസഫ് എന്തു നിലപാടെടുക്കുമെന്നതും മാണിയെ പ്രതിസന്ധിയിലാക്കുന്നു.
ഇതുസംബന്ധിച്ച് മാണിയും ജോസഫും കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ചനടത്തിയെങ്കിലും തല്‍ക്കാലം കടുത്ത നടപടികളൊന്നും വേണ്ടെന്നാണ് ജോസഫ് വ്യക്തമാക്കിയതത്രേ.
എന്തിന്റെ പേരിലായാലും മുന്നണി വിടുന്നതിനോട് താല്‍പര്യമില്ലെന്ന് ജോസഫ് അറിയിച്ചിട്ടുണ്ട്. തന്റെ ഏറ്റവും അടുത്ത വിശ്വസ്തര്‍ പാര്‍ട്ടിവിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉണ്ടാക്കി പുറത്തുപോയിട്ടും അവര്‍ക്കൊപ്പം മുന്നണി വിട്ട് പുറത്തുപോകാന്‍ തയാറാകാത്ത ജോസഫ് ഏത് രാഷ്ട്രീയ സാഹചര്യത്തിലും മാണി മുന്നണി വിട്ടാലും മാറിനിന്നാലും ഒപ്പം ഉണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത വിശ്വസ്തര്‍ മാണിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
എന്നാല്‍, ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി തയാറാക്കിയ അന്വേഷണസമിതി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ ജോസഫിന് എതിര്‍പ്പില്ല.. യു.ഡി.എഫിനെ ദുര്‍ബലമാക്കാന്‍ കേരള കോണ്‍ഗ്രസിനെ പ്രോത്സാഹിപ്പിക്കാന്‍ ഇടതുമുന്നണി തയാറാകുമെന്ന വിലയിരുത്തലും മാണി വിഭാഗത്തിനുണ്ട്.