മലപ്പുറം: മുസ്ലീം ലീഗ് പിന്തുണയോടെ കോണ്‍ഗ്രസ്സിനെ സമ്മര്‍ദ്ദത്തിലാക്കി രാജ്യസഭ സീറ്റ് പിടിച്ചു വാങ്ങിയ കേരള കോണ്‍ഗ്രസ്സ് വീണ്ടും കോണ്‍ഗ്രസ്സിനെ വെട്ടിലാക്കുന്നു.
കോട്ടയം ലോക് സഭ സീറ്റിനു പകരം വയനാട് മതിയെന്ന പുതിയ വാദമാണ് കെ.എം മാണി ഉയര്‍ത്തുന്നത്. ഇക്കാര്യം ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളോട് സൂചിപ്പിച്ചു കഴിഞ്ഞു.
മുസ്ലീം ലീഗ് പിന്തുണയോടെയാണ് ഈ നീക്കം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമെ ഏറനാട്,നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങള്‍ കൂടി ചേര്‍ന്നതാണ് വയനാട് ലോക് സഭ മണ്ഡലം.
മലപ്പുറം, പൊന്നാനി ലോക്‌സഭ മണ്ഡലങ്ങള്‍ കഴിഞ്ഞാല്‍ യു.ഡി.എഫിന് സംസ്ഥാനത്ത് നൂറ് ശതമാനം വിജയപ്രതീക്ഷയുള്ള മണ്ഡലം വയനാട് ആണ്. ക്രൈസ്തവ വിഭാഗം നിര്‍ണ്ണായകമായ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്സ് മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് ലീഗ്. നിലവില്‍ ഇവിടെ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസ്സ് നേതാവ് എം.ഐ ഷാനവാസ് ആണ്.
ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ഷാനവാസിനു പകരം യുവ നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സില്‍ സജീവമായിരിക്കെയാണ് വയനാട് നോട്ടമിട്ട് മാണി ഇപ്പോള്‍ ചരടുവലിക്കുന്നത്.
മുസ്ലീം ലീഗിന് ഈ സീറ്റില്‍ നോട്ടമുണ്ടെങ്കിലും ലീഗ് വിരോധിയായ ആര്യാടന്‍ ജീവിച്ചിരിക്കുന്നിടത്തോളം അത് സ്വപ്നമായി തന്നെ നിലനില്‍ക്കുമെന്നതിനാലാണ് മാണിയുടെ നീക്കത്തിന് പിന്തുണ നല്‍കുന്നത്.
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വികാരം എതിരായതിനാല്‍ കോട്ടയത്ത് ‘പണി’ കിട്ടുമെന്ന തിരിച്ചറിവിലാണ് മണ്ഡലം വച്ചു മാറാന്‍ കേരള കോണ്‍ഗ്രസ്സ് നിര്‍ബന്ധമായത്.
ലോക് സഭയില്‍ നിന്നും തന്ത്ര പൂര്‍വ്വം രാജ്യസഭയിലേക്ക് മാറുന്ന ജോസ് കെ മാണി തന്നെയാണ് കോട്ടയത്തിന് പകരം വയനാട് എന്ന ഫോര്‍മുല ആദ്യം അവതരിപ്പിച്ചത്.
രാജ്യസഭ സീറ്റ് ആര്‍ക്കെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലും ഇതു സംബന്ധമായ സൂചന കെ.എം മാണി നല്‍കുകയുണ്ടായി.
മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും ചേര്‍ന്ന് യു.ഡി.എഫില്‍ ഒരു കുറു മുന്നണി ഉണ്ടാക്കുകയാണെന്ന പ്രചരണം ശക്തിപ്പെടുത്തുന്നതാണ് ഈ നീക്കങ്ങള്‍.
രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്സിനു നല്‍കിയതുമായി ബന്ധപ്പെട്ട പ്രതിഷേധം ശമിച്ചാല്‍ വയനാട് സീറ്റിന്റെ കാര്യത്തിലേക്ക് കടക്കാമെന്ന നിലപാടിലാണ് മാണിയും കുഞ്ഞാലിക്കുട്ടിയും.
കോട്ടയം ലോക് സഭ മണ്ഡലം ലഭിക്കുന്നതിനോട് കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിന് താല്‍പ്പര്യമുണ്ട്. പ്രത്യേകിച്ച് കോട്ടയത്തെ പ്രവര്‍ത്തകര്‍ക്ക്. എന്നാല്‍ ഇവിടെ ഇനിയുള്ള മത്സരം കടുപ്പമാകുമെന്ന അഭിപ്രായവും അവര്‍ പങ്കു വയ്ക്കുന്നുണ്ട്.
അതേ സമയം വയനാട് പോലെ നൂറു ശതമാനവും ഉറച്ച ഒരു സീറ്റ് വിട്ടുകൊടുത്ത് മുന്‍പ് ചെങ്കൊടി പാറിയ ചരിത്രമുള്ള കോട്ടയം കേരള കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കുന്നത് കോണ്‍ഗ്രസ്സില്‍ വലിയ കലാപം ഉണ്ടാക്കാനാണ് സാധ്യത.
ലോക് സഭ തെരെഞ്ഞെടുപ്പില്‍ പരസ്പരം കാലു വാരുന്നതിലും ഇടതുപക്ഷത്തിനും ബി.ജെ.പിക്കും നേട്ടമുണ്ടാക്കാനും ഈ ഭിന്നത കാരണമാകുമെന്നും ഉറപ്പാണ്.
ജോസ് കെ മാണി ലോക് സഭ അംഗത്വം രാജിവയ്ക്കുന്ന സാഹചര്യത്തില്‍ പെട്ടന്ന് ഒരു ഉപതെരെഞ്ഞെടുപ്പ് കോട്ടയത്ത് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
2019 ന് മുന്‍പ് പൊതുതെരെഞ്ഞെടുപ്പിലേക്ക് പോകാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമാണ് ഉപതെരെഞ്ഞെടുപ്പ് ഒഴിവാക്കുക.
ആറ് മാസത്തില്‍ കൂടുതല്‍ കാലയളവ് ഉണ്ടെങ്കില്‍ ഉപതെരെഞ്ഞെടുപ്പ് നടത്താമെന്നതാണ് നിയമം. ഇക്കാര്യത്തില്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അത് യു.ഡി.എഫിനെ സംബന്ധിച്ച് ഏറെ വെല്ലുവിളിയാകും.
നേതാക്കളുടെ ‘ശവപ്പെട്ടി’ സ്ഥാപിക്കുന്ന തരത്തിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വികാരം കത്തി പടര്‍ന്നതിനാല്‍ ഈ തീനാളം കോട്ടയം മണ്ഡലത്തെയും ചുട്ടുപൊള്ളിക്കും.
റിപ്പോര്‍ട്ട് : പി. അബ്ദുള്‍ ലത്തീഫ്