തിരുവനന്തപുരം: നെല്‍വയല്‍ നികത്തല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതില്‍ വീണ്ടും തിരുത്ത് വരുത്തുമെന്ന് സര്‍ക്കാര്‍. റവന്യു, കൃഷി വകുപ്പ് മന്ത്രിമാര്‍ വിളിച്ച യോഗത്തിലാണ് തിരുത്തലിനുളള ധാരണയായത്.
അപേക്ഷിച്ച 93,000 പേര്‍ക്കും ഇളവ് നല്‍കാനുളള തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.
ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.
2008ല്‍ കൊണ്ടുവന്ന നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നവംബര്‍ രണ്ടിന് ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ നേരത്തെ തീരുമാനമായത്.
ഭൂമി വിലയുടെ 25 ശതമാനം ഒടുക്കിയാല്‍ നെല്‍വയല്‍ നികത്തിയത് അംഗീകരിക്കാമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ വ്യവസ്ഥയാണ് ബില്ലില്‍ നിന്നും പ്രധാനമായും ഒഴിവാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. കൂടാതെ മറ്റ് ഭൂമിയില്ലാത്തവര്‍ക്ക് വീട് വെയ്ക്കാനായി നഗരത്തില്‍ അഞ്ചുസെന്റും ഗ്രാമത്തില്‍ പത്തുസെന്റും വരെ നെല്‍വയല്‍ നികത്തിയത് ക്രമപ്പെടുത്താനും അനുമതി നല്‍കും.
അതെസമയം ഭേദഗതി നിലവില്‍ വരുന്നതിന് മുന്‍പ് പ്രധാനനിയമത്തിന് കീഴില്‍ അനുവദിച്ച നിലംനികത്തലുകളെ ഇത് ബാധിക്കില്ല. കൂടാതെ അതിനുളള നിയമനടപടികളും പരിഹാരവും കരടില്‍ സാധൂകരിക്കുന്നുണ്ട്.
ഇത്തരത്തില്‍ ഭേദഗതി അവതരിപ്പിച്ചാല്‍ കേരളത്തിലെ നെല്‍വയലുകള്‍ ഇല്ലാതാകുമെന്നായിരുന്നു പ്രധാന ആക്ഷേപം. ഇപ്രകാരം ഇതിന്റെ ഇളവ് 93,000ത്തോളം അപേക്ഷകര്‍ക്കും ലഭിക്കും. ഇതിനെക്കുറിച്ച് ഗൗരവമായി ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന്റെ ഫലമാണ് ഇപ്പോള്‍ 93,000 പേര്‍ക്കും ഇളവ് നല്‍കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ഇതില്‍ 56 എണ്ണത്തില്‍ മുന്‍സര്‍ക്കാര്‍ നേരത്തെ തീര്‍പ്പുകല്‍പ്പിച്ചിരുന്നു. പുതിയ ഭേദഗതി വരുന്നതോടെ ഇതും റദ്ദാകും.