Kerala cop hit me ; writes Nalini in her autobiography

ചെന്നൈ: നളിനി പറഞ്ഞ കാര്യം സത്യമാണെങ്കില്‍ കേരളത്തിലെ ആ ക്രൂരനായ പൊലീസ് ഓഫീസര്‍ ആരാണ് ?

കേരളത്തിലെ പൊലീസ് സേനയില്‍ മാത്രമല്ല പൊതുസമൂഹത്തിനിടയിലും വ്യാപക ചര്‍ച്ചക്ക് വഴി മരുന്നിട്ടിരിക്കുകയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍.

തന്നെ പൊലീസ് കസ്റ്റഡിയില്‍ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് കേരളത്തില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്നാണ് ജയിലില്‍ കിടന്ന് നളിനിയെഴുതിയ ആത്മകഥയില്‍ വ്യക്തമാക്കുന്നത്.

24ന് ഔദ്യോഗികമായി പുസ്തകം പുറത്തിറങ്ങും.

രാജീവ് ഗാന്ധി വധക്കേസില്‍ കസ്റ്റഡിയില്‍ പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ ഈ ഉദ്യോഗസ്ഥനെ പ്രത്യേകം വിളിച്ച് വരുത്തുകയായിരുന്നുവത്രെ.

ക്രൂരതക്ക് പേരുകേട്ട ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അഡയാറിലെ ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കാനും ശ്രമമുണ്ടായി. അവിടെയുള്ള വനിതാ ഡോക്ടറാണ് തന്നെ രക്ഷിച്ചതെന്നാണ് നളിനി പറയുന്നത്.

എന്നാല്‍ രാജീവ് ഗാന്ധി കൊലക്കേസ് അന്വേഷിച്ച സംഘത്തില്‍ ഏതെങ്കിലും മലയാളിയായ ഉദ്യോഗസ്ഥനുണ്ടായിരിക്കാം എന്നതല്ലാതെ കേരളത്തില്‍ നിന്നും ഇതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വന്നുവെന്ന് പറയുന്നത് ശരിയാവണമെന്നില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

നളിനി പറയുന്നതില്‍ സത്യത്തിന്റെ അല്‍പം അംശമെങ്കിലുമുണ്ടെങ്കില്‍ അത് കേരളത്തില്‍ നിന്നല്ലാത്ത മലയാളം സംസാരിക്കുന്ന മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനാകാം എന്നാണ് അഭിപ്രായം.

അതേസമയം നളിനിയുടെ വാദം തള്ളിക്കളയാമെങ്കിലും ക്രൂരതക്ക് പേര് കേട്ട പലരും കേരള പൊലീസിലുള്ളതിനാല്‍ ഇക്കാര്യം സംഭവിച്ച് കൂടായ്മ ഇല്ലെന്ന അഭിപ്രായവും ചില കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

ജയിലില്‍ 2008ല്‍ പ്രിയങ്ക ഗാന്ധിയുമായി നടത്തിയ 90 മിനിറ്റ് രഹസ്യ കൂടിക്കാഴ്ചയെ കുറിച്ചും ആത്മകഥയില്‍ നളിനി വിശദീകരിക്കുന്നുണ്ട്.

‘എന്തിന് വേണ്ടിയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പ്രിയങ്ക ചോദിച്ചു’. ഒന്നിനെ കുറിച്ചും അറിയില്ലായിരുന്നുവെന്ന് മറുപടി പറഞ്ഞു. തനിക്കോ ഭര്‍ത്താവ് മുരുകനോ ഒന്നും അറിയില്ലായിരുന്നുവെന്നതാണ് സത്യം. തനു മനുഷ്യ ബോംബായിരുന്നുവെന്നറിഞ്ഞത് തന്നെ പത്ര ഫോട്ടോകളില്‍ നിന്നാണ്. രാജീവ് ഗാന്ധിയുടെ മരണ വാര്‍ത്ത ടിവിയില്‍ കണ്ട് താന്‍ കരഞ്ഞതായും നളിനി വെളിപ്പെടുത്തി.

മുരുകനുമായി മൂന്ന് മാസത്തെ ബന്ധമേ ഉണ്ടായിരുന്നൊള്ളു. ഇപ്പോള്‍ ഇരു ജയിലുകളിലായി കഴിയുന്നു.മരണ ശേഷം തങ്ങളെ ഒരുമിച്ച് സംസ്‌ക്കരിക്കണമെന്ന് ആത്മകഥയില്‍ മകള്‍ അരിത്രയോട് നളിനി ആവശ്യപ്പെടുന്നുണ്ട്.

ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുന്ന മറ്റ് ചില പരാമര്‍ശങ്ങളും പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Top