തിരുവനന്തപുരം: കേരളത്തില്‍ 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം 25, ഇടുക്കി 24, കണ്ണൂര്‍ 22, മലപ്പുറം 21, പാലക്കാട് 20, ആലപ്പുഴ 18, വയനാട് 18, കാസര്‍കോട് 2 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,804 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,298 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 14,838 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 460 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 88 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 4389 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 79 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,631 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 507 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.