രഞ്ജി ട്രോഫിയില്‍ കേരളം കരകയറുന്നു; സച്ചിന്‍ ബേബിക്ക് സെഞ്ചുറി

Sachin Baby

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ കേരളം ഇന്നിംഗ്‌സ് തോല്‍വി എന്ന നാണക്കേട് ഒഴിവാക്കി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ സെഞ്ചുറിയും വിഷ്ണു വിനോദിന്റെ അര്‍ധ സെഞ്ചുറിയുമാണ് കേരളത്തെ രക്ഷിച്ചത്.

മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 296/6 എന്ന നിലയിലാണ്. സച്ചിനും (142) വിഷ്ണുവും (93) തന്നെയാണ് ക്രീസില്‍. ഈ കൂട്ടുകെട്ടിലാണ് കേരളത്തിന്റെ പ്രതീക്ഷകളത്രയും. നാല് വിക്കറ്റ് ശേഷിക്കേ കേരളത്തിന് 31 റണ്‍സ് ലീഡുണ്ട്.

34/4 എന്ന നിലയില്‍ തുടങ്ങിയ കേരളത്തിന് ഇന്ന് രണ്ടു വിക്കറ്റുകള്‍ കൂടി നഷ്ടമായി. വി.എ.ജഗദീഷ് (26), സഞ്ജു സാംസണ്‍ (19) എന്നിവരാണ് ഇന്ന് പുറത്തായത്. 100/6 എന്ന നിലയില്‍ പരാജയം മുന്നില്‍ കണ്ട കേരളത്തെ ആറാം വിക്കറ്റില്‍ സച്ചിന്‍-വിഷ്ണു സഖ്യം കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഇതുവരെ 196 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Top