കേരള ക്രിക്കറ്റ് അസോസിയേഷന്‍ കൊച്ചിയില്‍ പുതിയ സ്റ്റേഡിയം നിര്‍മ്മിക്കുന്നു

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) കൊച്ചിയില്‍ പുതിയ സ്റ്റേഡിയം നിര്‍മ്മിക്കുന്നു. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയില്‍ ദേശീയപാത 544-നോട് ചേര്‍ന്നാണ് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരാര്‍ (എം.ഒ.യു) ഭൂവുടമകളുമായി കെ.സി.എ. ഒപ്പുവെച്ചു.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലം. നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ സമീപത്തുണ്ട്. അതിനാല്‍ത്തന്നെ താരങ്ങള്‍ക്ക് ഇവിടേക്ക് എത്താന്‍ എളുപ്പമാണ്. മത്സരം കാണാനായി എത്തുന്നവര്‍ക്ക് വന്നുപോകാനുള്ള യാത്രാസൗകര്യവുമുണ്ട്. ഇക്കാരണങ്ങളാലാണ് കെ.സി.എ. നെടുമ്പാശ്ശേരിയിലെ ഭൂമിയില്‍തന്നെ സ്റ്റേഡിയം നിര്‍മിക്കാന്‍ താല്‍പര്യപ്പെടുന്നത്.ബി.സി.സി.ഐ. സെക്രട്ടറി ജെയ്ഷാ കൊച്ചിയിലെത്തിയപ്പോഴാണ് നെടുമ്പാശ്ശേരിയിലെ ഭൂമി കാണുന്നത്. അന്ന് തന്നെ അദ്ദേഹം ഇത് ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് കെ.സി.എ. ഭാരവാഹികളെ അറിയിച്ചിരുന്നു.

അറുപത് ഏക്കറിലേറെ ഭൂമിയാണ് ഏറ്റെടുക്കുക. ഇതില്‍ 30 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിക്കുക. ബാക്കിസ്ഥലം പരിശീലനസൗകര്യം ഉള്‍പ്പെടെയുള്ള അനുബന്ധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. പൊതു ആവശ്യത്തിനായി ഭൂമി തരംമാറ്റാന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.സ്പോര്‍ട്സ് സിറ്റി പദ്ധതി എന്ന നിലയില്‍ സ്പോര്‍ട്സ് സമ്മിറ്റിനോട് അനുബന്ധിച്ച് സംസ്ഥാനസര്‍ക്കാരാണ് സ്റ്റേഡിയത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുക. കെ.സി.എ. ഭാരവാഹികളും കായികമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രഖ്യാപനം ഉണ്ടാകും.

Top