തിരുവനന്തപുരം : വാളയാർ അട്ടപ്പള്ളത്തു പീഡനത്തിനിരയാവുകയും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുകയും ചെയ്ത ദലിത് സഹോദരിമാർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഹാക്കർമാർ. സംസ്ഥാന സർക്കാരിനു കീഴിലുള്ള നിയമ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തായിരുന്നു കേരള സൈബർ വാരിയേഴ്സ് എന്ന ഹാക്കർമാരുടെ സംഘത്തിന്റെ ഇടപെടൽ.
നിയമവകുപ്പ് സെക്രട്ടറിയുടെ കീഴിൽ പ്രവർത്തിക്കുന്ന വകുപ്പിന്റെ http://www.keralalawsect.org എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സൈറ്റിലെ ഒരു വിവരവും ഉപഭോക്താക്കൾക്കു ലഭിക്കാത്ത വിധത്തിലാണ് ഹാക്കിങ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള സൈബര്‍ വാരിയേഴ്‌സ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നും ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ സംസാരിക്കും, അവര്‍ ഞങ്ങളുടെയും സഹോദരിമാരാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സര്‍ക്കാര്‍ പുനരന്വേഷണത്തിനു ഉത്തരവിടണമെന്നാണ് ആവശ്യം. നീതി കിട്ടുന്നതുവരെ ഈ പ്രതിഷേധം തുടരുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
2017 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പതിമൂന്നുകാരിയായ മൂത്ത സഹോദരിയെ ജനുവരി 13നും ഒൻപതുകാരിയായ ഇളയ സഹോദരിയെ മാർച്ച് നാലിനുമാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ശെൽവപുരത്ത് ഓടും ഷീറ്റും മേഞ്ഞ വീടിന്റെ കഴുക്കോലിൽ ഒരേ സ്ഥാനത്താണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
എട്ടടിയോളം ഉയരത്തിൽ മൃതദേഹങ്ങൾ കണ്ടതും എട്ടടി ഉയരത്തിൽ ഒൻപതുകാരി തൂങ്ങിമരിക്കുന്നതെങ്ങനെയെന്നതുമാണു സംശയത്തിനിടയാക്കിയത്. എന്നാൽ കഴുത്തിലെ കയറിലെ കുരുക്കിന്റെ പ്രത്യേകതയും താഴെയുണ്ടായിരുന്ന കട്ടിലും ഈ ദുരൂഹത ഇല്ലാതാക്കിയതായി പൊലീസ് പറഞ്ഞു. ഏതു സമയവും അയഞ്ഞു വീഴാവുന്ന രീതിയിലാണ് കയർ കുരുക്കിയതെന്നും കൊലപാതകമാണെങ്കിൽ കുരുക്ക് ഇപ്രകാരമായിരിക്കില്ലെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ഇളയ പെൺകുട്ടിയുടെ മരണ സമയത്തു സംഭവസ്ഥലം പരിശോധിച്ച പൊലീസ് സർജനും ആത്മഹത്യയാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു.
മരണപ്പെടുന്നതിനു മുൻപ് രണ്ടു പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു കണ്ടെത്തിയതിനാൽ തുടരന്വേഷണത്തിൽ പെൺകുട്ടികളുടെ ബന്ധുക്കളും അച്ഛന്റെ സുഹൃത്തും ഉൾപ്പെടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ പതിനേഴുകാരനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച 17കാരനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.