സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ നിരാശപ്പെടുത്തി കേരളം. അസമിനെതിരെ കേരളത്തിന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഏഴാം നമ്പറിലിറങ്ങി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച അബ്ദുല്‍ ബാസിത്ത് ആണ് കേരളത്തെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 31 പന്തില്‍ 46 റണ്‍സ് നേടിയ ബാസിത്ത് നോട്ടൗട്ടാണ്. അസമിനായി ബൗളര്‍മാരെല്ലാം തിളങ്ങി.
ഏഴാം വിക്കറ്റില്‍ അബ്ദുല്‍ ബാസിത്തും ഇംപാക്ട് പ്ലയറായി എത്തിയ സച്ചിന്‍ ബേബിയും ചേര്‍ന്നാണ് കേരളത്തെ മാന്യമായ നിലയിലെത്തിച്ചത്. സാവധാനം തുടങ്ങിയ ബാസിത്ത് അവസാന ഓവറുകളില്‍ ആഞ്ഞടിക്കുകയായിരുന്നു. തന്റെ ഇന്നിംഗ്‌സില്‍ ആകെ 2 ബൗണ്ടറിയും 4 സിക്‌സറും നേടിയ താരം സച്ചിന്‍ ബേബിയുമൊത്ത് അപരാജിതമായ 64 റണ്‍സ് കൂട്ടുകെട്ടിലും പങ്കാളിയായി. ബാസിത്തിനൊപ്പം 17 പന്തില്‍ 18 റണ്‍സെടുത്ത സച്ചിന്‍ ബേബിയും നോട്ടൗട്ടാണ്.
തുടരെ ആറ് മത്സരങ്ങള്‍ വിജയിച്ച് നോക്കൗട്ട് ഉറപ്പിച്ച കേരളം അസമിനെതിരെ ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റിമറിച്ച് തിരിച്ചടി നേരിടുകയായിരുന്നു. വരുണ്‍ നായനാര്‍ വേഗം പുറത്തായതോടെ മൂന്നാം നമ്പറില്‍ ഇറങ്ങിയിരുന്ന വിഷ്ണു വിനോദിനു പകരമെത്തിയത് സല്‍മാന്‍ നിസാര്‍. 14 പന്തില്‍ 8 റണ്‍സ് മാത്രം നേടി സല്‍മാന്‍ മടങ്ങിയത് കേരളത്തിനു കനത്ത തിരിച്ചടിയായി. കഴിഞ്ഞ സീസണിലെ ഫോമിന്റെ നിഴല്‍ മാത്രമായ രോഹന്‍ കുന്നുമ്മലിനും സ്‌കോര്‍ ഉയര്‍ത്താനായില്ല. സല്‍മാന്‍ മടങ്ങിയതിനു പിന്നാലെ എത്തിയ, സീസണില്‍ കേരളത്തിന്റെ ഏറ്റവും മികച്ച ബാറ്റര്‍ വിഷ്ണു വിനോദ് 5 റണ്‍സ് നേടിയും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 8 റണ്‍സ് നേടിയും പുറത്തായി. പിന്നാലെ സിജോമോന്‍ ജോസഫ് , രോഹന്‍ കുന്നുമ്മല്‍ എന്നിവരും മടങ്ങിയതോടെ കേരളം 12.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.