തിരുവനന്തപുരം: പ്രചരണത്തിന്റെ അവസാന ലാപ്പില്‍ പ്രവചനാതീതമായി കേരളം.
ഇത്തവണ സംസ്ഥാനത്തെ നല്ലൊരു വിഭാഗം മണ്ഡലങ്ങളിലും ബിജെപി മുന്നണി പിടിക്കുന്ന വോട്ടുകളാണ് മുന്നണികളുടെ വിജയ-പരാജയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുക.
മോദിയുടെ സൊമാലിയന്‍ വിവാദം ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെങ്കിലും അതൊന്നും ബിഡിജെഎസുമായി ചേര്‍ന്നുള്ള തങ്ങളുടെ പ്രകടനത്തെ ബാധിക്കില്ലെന്ന നിലപാടിലാണ് നേതൃത്വം.
പ്രചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നടന്ന റോഡ് ഷോകളില്‍ തടിച്ച് കൂടി ജനങ്ങളുടെ വികാരം ഇത്തവണ റെക്കോര്‍ഡ് പോളിങ്ങിന്റെ സൂചന നല്‍കുന്നതാണ്.
നവവോട്ടര്‍മാരുടെ വര്‍ദ്ധനവും തിരഞ്ഞെടുപ്പ് വിധിയിലെ നിര്‍ണ്ണായക ഘടകമാവും.
അഴിമതി മുതല്‍ ജിഷ വധക്കേസ് വരെ പ്രചരണമായ തിരഞ്ഞെടുപ്പ് രംഗത്ത് അവസാന നിമിഷം ഡിജിറ്റല്‍ തെളിവുകളുമായി സരിതാ എസ് നായര്‍ രംഗപ്രവേശനം ചെയ്തത് ഏത് തരത്തിലാണ് വോട്ടര്‍മാരെ സ്വാധീനിക്കുക എന്നാണ് അറിയാനുള്ളത്.
ഭരണം നിലനിര്‍ത്തേണ്ടത് യുഡിഎഫിനും പിടിച്ചെടുക്കേണ്ടത് ഇടതുപക്ഷത്തിനും കരുത്ത് തെളിയിക്കേണ്ടത് ബിജെപി-ബിഡിജെഎസ് സഖ്യത്തിനും നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്.
ഇവിടെ പരാജയപ്പെടുന്നവര്‍ രാഷ്ട്രീയപരമായി മാത്രമല്ല വ്യക്തിപരമായി പോലും കനത്ത വില നല്‍കേണ്ടി വരും.
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ യുഡിഎഫ് മന്ത്രിമാര്‍ക്കെതിരായ പരാതികളില്‍ ശക്തമായ അന്വേഷണങ്ങളും നടപടികളുമുണ്ടാകുമെന്ന് ഇതിനകം തന്നെ സിപിഎം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയെ അടക്കം ടാര്‍ഗറ്റ് ചെയ്ത് നടത്തിയ ആക്രമണങ്ങളില്‍ രോഷാകുലരായ കോണ്‍ഗ്രസ് ‘എ’ വിഭാഗം യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ അന്വേഷണമടക്കം ഇടതുപക്ഷ നേതാക്കളെ ‘കുരുക്കുന്ന’ നടപടികള്‍ കടുത്ത രൂപത്തില്‍ തന്നെ ഉണ്ടാകുമെന്നാണ് നല്‍കുന്ന സൂചന.
ബിജെപിയാകട്ടെ ഏതാനും സീറ്റുകള്‍ വാങ്ങി തൂക്ക് നിയമസഭയില്‍ നിര്‍ണ്ണായകമാവാനുള്ള ശ്രമത്തിലാണ്.
ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് തകര്‍ക്കാന്‍ കഴിയാത്ത സാഹചര്യം വരികയും അവര്‍ അധികാരത്തില്‍ വരികയും ചെയ്താല്‍ സിപിഎം നേതൃത്വം പകവീട്ടാനുള്ള സാഹചര്യവും ബിജെപി നേതൃത്വം മുന്നില്‍ കാണുന്നുണ്ട്.
ഇതേ അവസ്ഥ തന്നെയാണ് ബിഡിജെഎസിനും. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ മൈക്രോഫിനാന്‍സ് അടക്കം വെള്ളാപ്പള്ളിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളില്‍ കുരുങ്ങുമെന്ന് ഉറപ്പുള്ളതിനാല്‍ സര്‍വ്വസന്നാഹങ്ങളുമൊരുക്കിയുള്ള അന്തിമ പോരാട്ടത്തിലാണ് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍. ബിജെപി മുന്നണിക്ക് മുന്നേറ്റമുണ്ടായാല്‍ അത് ‘വിലപേശലിനായി’ ബിഡിജെഎസ് ഉപയോഗപ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്.
അഞ്ച് വര്‍ഷം തോറും ഭരണമാറ്റം നടക്കുന്ന സംസ്ഥാനത്തിന്റെ പതിവ് രീതി തുടര്‍ന്നാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ വന്‍ പ്രത്യാഘാതത്തിനാണ് തുടക്കം കുറിക്കുക.