തപാല്‍ വോട്ടുകളില്‍ ഇടത് മുന്നേറ്റം; നെഞ്ചിടിപ്പോടെ യു.ഡി.എഫ്

തിരുവനന്തപുരം: കേരളം ആരു ഭരിക്കുമെന്ന ആകാംക്ഷക്ക് അറുതിവരുത്തി 15-ാം നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ തപാല്‍ വോട്ടുകളില്‍ ഇടതുപക്ഷത്തിന്റെ കുതിപ്പ്. ആദ്യ ഫലസൂചനകള്‍ എത്തിയത് 59 ഇടത്തും ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണ്. 40 ഇടത്ത് യു.ഡി.എഫും നേമത്ത് ബി.ജെ.പിയുമാണ് മുന്നില്‍.
ആദ്യ സൂചനകള്‍ ഇടതു ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. അതേസമയം തപാല്‍വോട്ടുകളില്‍ പിന്നില്‍പോകുന്നത് യു.ഡി.എഫിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുകയാണ്.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ തപാല്‍ വോട്ടുകളാണ് വിധി നിര്‍ണയിക്കുക. കോവിഡ് പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതോടെയാണ് തപാല്‍ വോട്ടുകളുടെ എണ്ണം നിര്‍ണായകമായത്. ഏപ്രില്‍ 30വരെ 4,56,771 തപാല്‍ വോട്ടുകളാണ് തിരികെ എത്തിയത്. ഇന്ന് രാവിലെ വരെ വോട്ടു രേഖപ്പെടുത്തിയ തപാല്‍ വോട്ടുകള്‍ വരണാധികാരിക്ക് തിരികെ നല്‍കാം. ഇന്നത്തെ കണക്കൂകൂടി ചേരുമ്പോള്‍ തപാല്‍ വോട്ടുകളുടെ എണ്ണം ഇനിയും കൂടും.

ആയിരവും രണ്ടായിരവും മാത്രം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിക്കുന്ന പല മണ്ഡലങ്ങളിലും 4000 മുതല്‍ 5000 വരെ തപാല്‍ വോട്ടുകളുണ്ട്. സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഇതില്‍ 527 ഹാളുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളുമാണ് എണ്ണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 ഹാളുകളിലായിരുന്നു വോട്ടെണ്ണല്‍.

കോവിഡ് 19 മഹാമാരി പടരുന്ന സാഹചര്യത്തിലാണ് സാമൂഹിക അകലം പാലിച്ചുള്ള വോട്ടെണ്ണലിനായി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. തപാല്‍വോട്ടുകളുടെ എണ്ണക്കൂടുതല്‍ ഫല പ്രഖ്യാപനം വൈകിക്കും. ഒമ്പത് മണിയോടെ മാത്രമേ തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിയൂ. തപാല്‍വോട്ടുകള്‍ പൂര്‍ണമായും എണ്ണിക്കഴിഞ്ഞ ശേഷമേ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ അവസാന റൗണ്ട് എണ്ണുകയുള്ളൂ. ഉച്ചക്ക് ശേഷമേ അന്തിമ ഫല പ്രഖ്യാപനമുണ്ടാകൂ.

Top