ഇടുക്കി: പ്രളയത്തില്‍ സകലതും നശിച്ചിരിക്കുന്ന ഇടുക്കിയിലെ കര്‍ഷകരെ പെരുവഴിയിലാക്കി ബാങ്കുകള്‍ കടം തിരിച്ച് പിടിക്കാന്‍ ഒരുങ്ങുന്നു. ഇതിനകം തന്നെ കടം തിരിച്ചു പിടിക്കുന്നതിന്റെ മുന്നോടിയായി പതിനയ്യായിരത്തോളം കര്‍ഷകര്‍ക്ക് ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടി കഴിഞ്ഞു. ബാങ്കുകളുടെ ജപ്തി ഭീഷണിയില്‍ അടുത്തിടെമാത്രം 6 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു.
ഇടുക്കി ജില്ലയില്‍ കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടിയില്‍ നിന്ന് ബാങ്കുകള്‍ ഇതേവരേ പിന്നോട്ടു മാറിയിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് വീണ്ടും ബാങ്കുകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.
അതേസമയം ഇടുക്കിയില്‍ നടക്കുന്നത് ബാങ്കുകളുടെ ഗുണ്ടായിസമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്ന കര്‍ഷകര്‍ക്ക് മാനസിക സംഘര്‍ഷമാണ് ബാങ്കുകള്‍ ഉണ്ടാക്കുന്നത്.
കര്‍ഷകരുടെ കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറൊട്ടോറിയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സംസ്ഥാനതലത്തില്‍ യോഗം നടത്തി എല്ലാ ബാങ്കുകളെയും അറിയിച്ചതുമാണ്. എന്നിട്ടും അനുസരിക്കില്ലെന്ന് വാശിപിടിക്കുകയാണ് ബാങ്കുകള്‍. കടക്കെണിയിലായ കര്‍ഷകനെ ദ്രോഹിക്കുന്ന രീതിയില്‍നിന്ന് ബാങ്കുകള്‍ പിന്മാറണമെന്നും മന്ത്രി വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ ജപ്തി നോട്ടീസ് അയച്ച് ഗുണ്ടകളെ പോലെ യാണ് ബാങ്കുകള്‍ പെരുമാറുന്നതെന്നും ഇത്തരം നടപടിക്കെതിരെ സര്‍ക്കാര്‍ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു.