രഞ്ജിയില്‍ ഉത്തര്‍ പ്രദേശിനെതിരെ ലീഡിനായി കേരളം പൊരുതുന്നു; രണ്ടാംദിനം ആറിന് 220

ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരായ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു. യുപിയെ 302ന് പുറത്താക്കിയ കേരളം രണ്ടാംദിനം വിക്കറ്റെടുക്കുമ്പോള്‍ ആറിന് 220 എന്ന നിലയിലാണ്. വിഷ്ണു വിനോദാണ് (74) ടോപ് സ്‌കോറര്‍. ഏഴാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ 35 റണ്‍സുമായി മടങ്ങി. ശ്രേയസ് ഗോപാല്‍ (36), ജലജ് സക്‌സേന (6) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും 82 റണ്‍സ് പിറകിലാണ് കേരളം. മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് കേരളത്തെ തകര്‍ത്തത്. നേരത്തെ, 92 റണ്‍സെടുത്ത റിങ്കു സിംഗാണ് യുപിയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ധ്രുവ് ജുറല്‍ 63 റണ്‍സെടുത്തു. നിതീഷ് എം ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി.

കേരളത്തിന്റെ ഇന്നിംഗ്‌സില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. കൃഷ്ണ പ്രസാദിനെ അങ്കിത് രജ്പുത് പുറത്താക്കി. അക്ഷദീപ് നാഥിനായിരുന്നു ക്യാച്ച്. രോഹന്‍ കുന്നുമ്മലിനും ചുവന്ന പന്തില്‍ അധികനേരം പിടിച്ചുനില്‍ക്കാനായില്ല. സൗരഭ് കുമാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രോഹന്‍ പ്രേം (14) നിരാശപ്പെടുത്തി. ഇതോടെ മൂന്നിന് 32 എന്ന നിലയിലായി കേരളം. പിന്നീട് സച്ചിന്‍ – വിഷ്ണു സഖ്യം 99 റണ്‍സ് കൂട്ടിചേര്‍ത്തു.

സച്ചിനെ പുറത്താക്കി കുല്‍ദീപാണ് യുപിക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ആക്രമിച്ച കളിച്ച വിഷ്ണുവിനേയും കുല്‍ദീപ് തിരിച്ചയച്ചു. 94 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും അഞ്ച് ഫോറും നേടി. തുടര്‍ന്ന് സഞ്ജു ക്രീസിലേക്ക്. ശ്രേയസിനൊപ്പം 57 റണ്‍സ് കൂട്ടിചേര്‍ത്താണ് സഞ്ജു മടങ്ങിയത്. 46 പന്തുകള്‍ നേരിട്ട സഞ്ജു ഒരു സിക്‌സും അഞ്ച് ഫോറും നേടി. യഷ് ദയാലിന് വിക്കറ്റ് നല്‍കി സഞ്ജു മടങ്ങുകയായിരുന്നു. അഞ്ചിന് 244 എന്ന നിലയിലാണ് യുപി ഇന്ന് ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ സ്വന്തം സ്‌കോറിനോട് 9 റണ്‍സ് കൂട്ടിചേര്‍ത്ത് ധ്രുവ് ആദ്യം മടങ്ങി.

സൗരഭ് (20), കുല്‍ദീപ് യാദവ് (5), യഷ് ദയാല്‍ (0) എന്നിവര്‍ക്കും അധികനേരം ആയുസുണ്ടായിരുന്നില്ല. ഇതിനിടെ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ റിങ്കു മടങ്ങുകയായിരുന്നു. 136 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും എട്ട് ഫോറും നേടി. കേരളത്തിനായി നിതീഷ് എം ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

പ്ലേയിംഗ് ഇലവനുകള്‍

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ബേസില്‍ തമ്പി, ജലജ് സക്സേന, കൃഷ്ണ പ്രസാദ്, നിധീഷ് എംഡി, രോഹന്‍ പ്രേം, രോഹന്‍ എസ് കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍).

ഉത്തര്‍പ്രദേശ്: ആകാശ് ദീപ് നാഥ്, അന്‍കിത് രജ്പൂത്, ആര്യന്‍ ജൂയല്‍ (ക്യാപ്റ്റന്‍), ധ്രുവ് ചന്ദ്ര ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് സിംഗ് യാദവ്, പ്രിയം ഗാര്‍ഗ്, റിങ്കു സിംഗ്, സമര്‍ഥ് സിംഗ്, സമീര്‍ റിസ്വി, സൗരഭ് കുമാര്‍, യഷ് ദയാല്‍.

Top