2019 ഏപ്രിലില്‍ 2855.25 കോടിയായിരുന്ന വരുമാനം ലോക്ക്ഡൗണില്‍ കുറഞ്ഞത് 202.89 കോടി

കൊച്ചി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ 2019 ഏപ്രിലില്‍ 2855.25 കോടിയായിരുന്ന സംസ്ഥാന സര്‍ക്കാറിന്റെ വരുമാനം ഈ ഏപ്രിലില്‍ 202.89 കോടിയായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. ശമ്പളം പിടിച്ചുവെക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ചോദ്യം ചെയ്യുന്ന ഹരജികളെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച കണക്കാണിത്.

ഈ വര്‍ഷം ഏപ്രിലില്‍ മദ്യം, ലോട്ടറി വില്‍പനകളിലൂടെ വരുമാനമൊന്നും ലഭിച്ചില്ല. കേരളത്തിന് മുഖ്യമായും വരുമാനം ലഭിക്കുന്ന മേഖലയാണ് മദ്യ വില്‍പ്പന. ഓര്‍ഡിനന്‍സ് ബാധിക്കുന്നത് കേരളത്തിലെ രണ്ടുശതമാനം ജനങ്ങളെ മാത്രമാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നത്.

കോവിഡ് പ്രതിരോധത്തിനടക്കം പണം കണ്ടെത്തേണ്ടതുണ്ട്. ഇതിനുള്ള നടപടിയുടെ ഭാഗമാണ് ശമ്പളം താല്‍ക്കാലികമായി പിടിച്ചുവെക്കാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2019 ഏപ്രിലില്‍ ജി.എസ്.ടി ഇനത്തില്‍ 829.09 കോടിയും ഐ.ജി.എസ്.ടി ഇനത്തില്‍ 871.16 കോടിയുമായിരുന്നു വരുമാനം. ഈ ഏപ്രിലില്‍ ഇത് യഥാക്രമം 87.43 കോടിയും 73.46 കോടിയും മാത്രമാണ്.

Top