കേരളത്തിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റെന്ന് ഫിക്കി

കൊച്ചി: കേരളത്തിന്റെ സമഗ്ര വികസനത്തില്‍ ഊന്നല്‍ നല്‍കുന്നതാണ് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ-ചെയര്‍മാന്‍ ദീപക് അസ്വാനി. വന്‍കിട പ്രോജക്ടുകളുടെ സമീപ പ്രദേശങ്ങളില്‍ ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ഇപ്പോള്‍ തന്നെ മോശമായി നില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൃഷി, സ്റ്റാര്‍ട്ടപ്പ്, ഇന്നവേഷന്‍, ഐടി ഹബ്, ഉന്നത വിദ്യാഭ്യാസം, ടൂറിസം, പ്രവാസി മേഖലകളുടെ വികസനത്തിന് നല്‍കിയ പ്രാധാന്യം അഭിനന്ദനീയമാണ്. 1000 കോടിയുടെ തീരവികസന പാക്കേജ്, വിദേശ ഇന്ത്യക്കാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈടില്ലാതെ വായ്പ, കൊച്ചിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് 6000 കോടിയുടെ പരിപാടി, ജില്ലാതല പദ്ധതികള്‍ക്ക് പ്രത്യേകം ഫണ്ട്, കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി കൂടുതല്‍ വിഹിതം, ബേക്കല്‍ മുതല്‍ കോവളം വരെയുള്ള 585 കിലോമീറ്റര്‍ ജലപാതയുടെ കമ്മിഷനിങ്, പ്ലാന്റേഷന്‍ മേഖലക്കായി പുതിയ ഡയറക്ടറേറ്റ്, കാസര്‍കോട്- തിരുവനന്തപുരം അതിവേഗ റെയില്‍പാത തുടങ്ങിയ നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്.

താഴെ തലത്തിലുള്ള സര്‍ക്കാര്‍ ജോലികള്‍ക്കുള്ള റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്നതും വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു പുനര്‍വിന്യസിക്കുന്നതുമടക്കം സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശം ബജറ്റിന് പുതിയൊരു ദിശാബോധം നല്‍കുന്നുണ്ട്. ഓരോ പദ്ധതികള്‍ക്കും അനുവദിക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച വര്‍ഷാന്ത്യത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തുകയും അടുത്ത ബജറ്റില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top