ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ നിയമനടപടിയുമായി കേരളത്തിലെ നിര്‍മാണ സ്ഥാപനം. കെപിസിസിക്കു വേണ്ടി നിര്‍മിച്ച തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ കെട്ടിട നിര്‍മാണ കരാര്‍ ഏറ്റെടുത്തിരുന്ന ഹീതര്‍ കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനമാണ് കേസ് കൊടുത്തിരിക്കുന്നത്.
രാജീവ് ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി കിട്ടേണ്ട 2.8 കോടി രൂപ ആവശ്യപ്പെട്ടാണ് കമ്പനി കേസ്.
2005ല്‍ സോണിയാ ഗാന്ധിയാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. കെട്ടിട നിര്‍മാണത്തിനു ശേഷം കിട്ടാനുള്ള ബാക്കി തുക ആവശ്യപ്പെട്ടപ്പോള്‍ കെപിസിസി നല്‍കുമെന്ന മറുപടിയാണ് സോണിയാ ഗാന്ധിയില്‍നിന്ന് ലഭിച്ചത്. എന്നാല്‍ ഇതുവരെ തുക ലഭിക്കാത്തതിനാലാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.