ന്യൂഡല്‍ഹി: കേരളത്തിന്റെ ഫ്‌ലോട്ട് റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് പ്രതിരോധമന്ത്രാലയം ഒഴിവാക്കി. നവോത്ഥാന ചരിത്രത്തെ മുന്‍ നിര്‍ത്തിയുള്ള ഫ്‌ലോട്ടാണ് അവതരിപ്പിക്കുവാന്‍ കേരളം തീരുമാനിച്ചിരുന്നത്. ചരിത്ര സംഭവങ്ങള്‍ ആയ വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവുമുള്‍പ്പെടെയുള്ള നിവധി കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു.
പരേഡ് ദിനത്തില്‍ പ്രദര്‍ശിപ്പിക്കുവാന്‍ കേരളമടക്കം 19 സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളാണ് പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ നാല് ഘട്ടങ്ങളിലുള്ള പരിശോധനയ്ക്ക് ശേഷം കേരളത്തെ ഒഴിവാക്കുകയായിരുന്നു. 14 സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളാണ് ഇപ്പോള്‍ തെരഞ്ഞെടുത്തത്.
തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങള്‍ 26ന് ഫ്‌ളോട്ടുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിന് ഇത്തരത്തില്‍ യാതൊരു അറിയിപ്പും കിട്ടിയില്ല എന്ന് കേരളഹൗസ് റെസിഡന്റ് കമ്മിഷണര്‍ അറിയിച്ചു. ഇതോടെയാണ് പ്രദര്‍ശനത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കി എന്ന അനുമാനത്തില്‍ എത്താനുള്ള കാരണം.
ശബരിമല വിഷയത്തില്‍ ‘നവോത്ഥാനം’ പ്രധാന വിഷയമാക്കി കേരള സര്‍ക്കാരും സിപിഎമ്മും പ്രചാരണം നടത്തുന്നതിനിടെയാണ് വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവും പശ്ചാത്തലമാക്കിയുളള ഫ്‌ലോട്ടിന് അനുമതി കേരളം തേടിയത്. എന്നാല്‍ ഇതിന് അവതരണാനുമതി കേന്ദ്രം നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയസമ്മര്‍ദമാണെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെയും ഇതു പോലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് കേരളത്തിന്‍രെ ഫ്‌ളോട്ടുകള്‍ തിരഞ്ഞെടുക്കപ്പെടാതിരുന്ന സാഹചര്യം ഉണ്ടായിരുന്നു. 2015ലും 2016ലും കേരളത്തെ കേന്ദ്രം ഒഴിവാക്കിയിരുന്നു. പക്ഷേ 2014ല്‍ പരേഡില്‍ പങ്കെടുത്ത കേരളത്തിന് മികച്ച ഫ്‌ളോട്ടിനുള്ള സ്വര്‍ണ മെഡല്‍ ലഭിച്ചിരുന്നു.