മഴയുടെ ശക്തി കുറയുന്നു; ഇന്ന് എവിടെയും റെഡ് അലര്‍ട്ടില്ല, മഴക്കെടുതിയില്‍ മരണം 83 ആയി

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും ഇന്ന് ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പരക്കെ മഴയില്ലാത്തത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ സഹായകമാകും. മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും.

മഴ കുറഞ്ഞതോടെ പുഴകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് നീങ്ങിയ സ്ഥലങ്ങളില്‍ ആളുകള്‍ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. 1,639 ക്യാംപുകളിലായി 2.5 ലക്ഷത്തിലേറെ ആളുകളാണ് ഇപ്പോഴുള്ളത്.

മഴയ്ക്ക് ശമനമുണ്ടായതോടെ ഇന്നലെ മലപ്പുറത്തെയും വയനാട്ടിലെയും ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ നടത്തിയ തെരച്ചിലില്‍ ഏഴു മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ഞായറാഴ്ച ഇതിനുപുറമേ മലപ്പുറത്ത് ഒരാളും തൃശ്ശൂരില്‍ മൂന്നുപേരും കണ്ണൂരിലും കോഴിക്കോട്ടും രണ്ടുപേര്‍ വീതവും കോട്ടയത്തും ഇടുക്കിയിലും കാസര്‍കോട്ടും ഓരോരുത്തരും മഴക്കെടുതിയില്‍ മരിച്ചു. ഇതോടെ നാലുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 83 ആയി. 58 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

നിലമ്പൂര്‍ പോത്തുകല്ല് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് നാലുപേരുടെയും മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞു കാണാതായ കുടുംബത്തിലെ രണ്ടുപേരുടെയും മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്. വെട്ടുപറമ്പില്‍ ജോജി എന്ന വിക്ടറിന്റെ മകള്‍ അലീന(8), മുതിരകുളം മുഹമ്മദ്(50), താണിക്കല്‍ ഭാസ്‌കരന്റെ ഭാര്യ രാഗിണി(48), കൊല്ലം സ്വദേശിനി അലക്‌സ മാനുവല്‍(55) എന്നിവരുടെ മൃതദേഹങ്ങളാണ് കവളപ്പാറയില്‍നിന്നു കണ്ടെടുത്തത്. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 13 ആയി. 49 പേരെക്കൂടി കണ്ടെത്താനുണ്ട്. 43 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

മലപ്പുറം കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോലറോഡില്‍ താമസിക്കുന്ന ശരത്തിന്റെ ഭാര്യ ഗീതു (22), മകന്‍ ധ്രുവന്‍ (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് ഉച്ചയ്ക്കു 12-നു കിട്ടിയത്. മണ്ണിടിഞ്ഞ് മൂന്നാംദിവസമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണിനടിയില്‍പ്പെട്ട ശരത്തിന്റെ അമ്മ സരോജിനി(50)ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

വയനാട് പുത്തുമല പാടിയിലെ ശെല്‍വന്റെ ഭാര്യ റാണി(57)യുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെടുത്തത്. മഴ കുറവായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നടത്താനായി. ശനിയാഴ്ച ഒമ്പതുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇനി എട്ടുപേരെക്കൂടി കണ്ടെത്തേണ്ടതുണ്ടെന്നാണു നിഗമനം. ഞായറാഴ്ച അതിരാവിലെ തുടങ്ങിയ തിരച്ചില്‍ വൈകീട്ട് നാലുമണിയോടെ നിര്‍ത്തിവെച്ചു.

മലപ്പുറം നിലമ്പൂരിനു സമീപം വാണിയമ്പുഴയില്‍ കുടുങ്ങിയ 15 പേരെക്കൂടി രക്ഷപ്പെടുത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കുടുങ്ങിയ ജീവനക്കാരാണിവര്‍. ഇവിടെ ഒരു ആദിവാസിക്കോളനിയില്‍ 75-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് അറിയുന്നത്.

Top