ചുമരുണ്ടങ്കിലേ ചിത്രം വരക്കാന്‍ പറ്റൂ എന്ന് പറയുന്നവര്‍ കേരളമുണ്ടെങ്കിലേ ജീവിക്കാനും സാധിക്കൂ എന്ന കാര്യവും മനസ്സിലാക്കുന്നത് നല്ലതാണ്. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കേരളം ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ അതിജീവനത്തിന് വിഘാതം സൃഷ്ടിക്കാനായി ഒരു വിഭാഗം ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളോടെ മാത്രം ജനിപ്പിച്ച മാതാപിതാക്കളെ പോലും കാണുന്നവരാണിവര്‍. നുണ പ്രളയമാണ് സോഷ്യല്‍ മീഡിയകളിലൂടെ ഇക്കൂട്ടര്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രചരണം നാടിന് എതിരാണ്. കേരളത്തിന്റെ പൊതു ശത്രുക്കളായി മാത്രമേ ഇത്തരം ആളുകളെ നമുക്ക് വിലയിരുത്താന്‍ സാധിക്കൂ.
പരിമിതികളുടെ നാടാണ് കേരളം. ആ പരിമിതി സാമ്പത്തിക അടിത്തറയിലും പ്രകടമാണ്. പ്രകൃതിക്ഷോഭം പോലെയുള്ള മഹാദുരന്തങ്ങളെ അതിജീവിക്കണമെങ്കില്‍ നാം ഓരോരുത്തരും മുന്നിട്ടിറങ്ങിയേ പറ്റൂ. ഉള്ളവര്‍ സഹായിക്കണം. അല്ലാത്തവര്‍ സമ്പത്തുള്ളവരോട് അപേക്ഷിക്കണം.അതിനും കഴിയാത്തവര്‍ ഒന്നും ചെയ്തില്ലങ്കിലും പ്രശ്‌നമില്ല. പക്ഷേ ദ്രോഹ നിലപാടുകള്‍ സ്വീകരിക്കരുത്. അത് പൊതുസമൂഹത്തില്‍ തെറ്റിധാരണ പടര്‍ത്താനാണ് കാരണമാവുക.
ഒരു നിമിഷത്തെ വികാരത്തില്‍ തെറ്റായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ തിരിച്ചറിയാതെ പോകുന്നതും ഹിഡണ്‍ അജണ്ടയാണ്. പിണറായി സര്‍ക്കാര്‍ എന്നു പറയുന്നത് സി.പി.എമ്മിന്റെ മാത്രം സര്‍ക്കാറല്ല, അത് ഈ നാട്ടിലെ ജനങ്ങളുടെയാകെ സര്‍ക്കാറാണ്. അക്കാര്യം ഓര്‍ക്കണം. വ്യക്തി നേട്ടത്തിനല്ല ഇവിടെ മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. നാടിനു വേണ്ടിയാണ്.
ഒന്നാം പ്രളയകാലത്തെ അതിജീവിക്കാന്‍ കേരളത്തിന് കരുത്തായത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ ഇടപെടലുകളാണ്. പ്രതിസന്ധികളെ ചങ്കുറപ്പോടെ കൈകാര്യം ചെയ്യുന്നതിലാണ് ഒരു ഭരണാധികാരിയുടെ കഴിവ് നാം വിലയിരുത്തേണ്ടത്. അതും പിണറായി ഒന്നാം പ്രളയകാലത്ത് തന്നെ കൃത്യമായി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതും അതു തന്നെയാണ്.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞും ദുരന്തമുഖത്ത് ഷോ കാണിച്ചും വിലകുറഞ്ഞ രാഷ്ട്രീയക്കളി പിണറായി വിജയന്‍ കളിച്ചിട്ടില്ല. അക്കാര്യം എല്ലാ വിമര്‍ശകരും മനസ്സിലാക്കണം. ഡാം തുറന്ന് വിട്ടത് കൊണ്ടാണ് നാട് ഒലിച്ച് പോയത് എന്ന് മുന്‍പ് പ്രചരണം നടത്തിയവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാത്ത അവസ്ഥയാണുള്ളത്. കാരണം ഒരു ഡാമും തുറന്ന് വിടാതെ തന്നെ വലിയ ദുരന്തമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്.
ഇതിന്റെ കാര്യ കാരണങ്ങള്‍ പരിശോധിക്കേണ്ടത് മുഖ്യമന്ത്രിയോ ഇടതുപക്ഷമോ മാത്രമല്ല, നാടാകെയാണ്. കാരണം നാം ഓരോരുത്തര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്യമുണ്ട്. പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് ഇപ്പോള്‍ നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.
അടുത്ത കാലവര്‍ഷത്തിലും ഈ ദുരിതം പ്രതീക്ഷിക്കാവുന്നതുമാണ്. യോജിച്ച ഒരു തിരുത്തല്‍ നടപടി തന്നെയാണ് ഇവിടെ തുടങ്ങേണ്ടത്. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള നടപടി തന്നെയാണ് ഏറ്റവും വലിയ പ്രതിരോധവും. മലകളും കുന്നുകളും പുഴകളും തണ്ണീര്‍തടങ്ങളുമെല്ലാം സംരക്ഷിക്കാനുള്ള നടപടി ജനങ്ങളുടെ ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടത്. സര്‍ക്കാര്‍ മാത്രം വിചാരിച്ചതുകൊണ്ട് കാര്യമില്ല.
മാറി താമസിക്കണമെന്നും ദുരന്തമുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മാറി താമസിക്കാന്‍ കൂട്ടാക്കാത്തവരാണ് നിലവില്‍ അപകടത്തില്‍പ്പെട്ടവരില്‍ നല്ലൊരു വിഭാഗവും. സ്വന്തം ജീവനാണ് ആദ്യം രക്ഷപ്പെടുത്തേണ്ടതെന്ന സാമാന്യബോധമാണ് ജനങ്ങള്‍ക്ക് ആദ്യം വേണ്ടത്. അവിടെ ഒരിക്കലും വാശി കാണിക്കരുത്. രക്ഷാപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വീട് വിട്ട് പോവാന്‍ തയ്യാറാകാതിരുന്നവരെ കഴിഞ്ഞ പ്രളയകാലത്തും ഈ കേരളം കണ്ടതാണ്.
പൊലീസും ഫയര്‍ഫോഴ്‌സും വനപാലകരും തുടങ്ങി സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്‍ വരെ ഒന്നാം പ്രളയകാലത്ത് സജീവമായി രംഗത്തിറങ്ങിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഇടപെടലുകളും എടുത്തു പറയേണ്ടതാണ്. ഒരു മന്ത്രിയും ഐ.പി.എസുകാരനായ ഐ.ജിയും മണല്‍ചാക്കുകളേന്തിയത് രാജ്യത്തിന് തന്നെ പുതിയ കാഴ്ചയായിരുന്നു. ഇതുപോലെ നിരവധി ഐ.പി.എസ്- ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഈ ദുരന്ത കാലത്തും കര്‍മനിരതരായാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികവാണ് ഇതെല്ലാം കാണിക്കുന്നത്.
സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മുന്നിട്ട് പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇതു തന്നെയാണ് ചിലരെയിപ്പോള്‍ വിളറി പിടിപ്പിച്ചിരിക്കുന്നത്. അതു കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചരണം ഇക്കൂട്ടര്‍ ഇപ്പോള്‍ ബോധപൂര്‍വം നടത്തി വരുന്നത്.
പിണറായി എന്ന രാഷ്ട്രീയ നേതാവിനോടും സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയോടും ഉള്ള എതിര്‍പ്പ് ദുരന്തമുഖത്തായിരുന്നില്ല കാണിക്കേണ്ടിയിരുന്നത്. ഇവിടെ ദുരിതാശ്വാസ ക്യാംപുകളില്‍ സി.പി.എം ഇടതുപക്ഷ പ്രവര്‍ത്തകരല്ല ഉള്ളത്. ഒരു ജനത ഒന്നാകെയാണ്. 1,639 ക്യാമ്പുകളിലായി 2,51,831 ദുരിതബാധിതര്‍ ഇപ്പോള്‍ തന്നെയുണ്ട്. ഉടുതുണി പോലും എടുക്കാന്‍ കഴിയാതെ അഭയാര്‍ത്ഥികളാകേണ്ടി വന്നവരാണ് ഇവരില്‍ നല്ലൊരു വിഭാഗവും.
വന്‍ നാശനഷ്ടമാണ് സംസ്ഥാനത്ത് പ്രളയദുരന്തം സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ വ്യാപ്തി തിട്ടപ്പെടുത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. 76 മരണമാണ് സ്ഥിരീകരിക്കപ്പെട്ടതെങ്കിലും അത് ഇനിയും കൂടാനാണ് സാധ്യത. ഭീകരമായ സാഹചര്യമാണ് സംസ്ഥാനം ഇപ്പാള്‍ നേരിടുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്നും സഹായമില്ലാതെ ഒരു സര്‍ക്കാറിനും ഈ സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഉള്‍പ്പെടെ സഹായവും അനിവാര്യവുമാണ്.
ഈ ഘട്ടത്തിലാണ് വഴിമുടക്കികളായി ഒരു വിഭാഗമിപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരണം കൊഴുപ്പിക്കുന്നത്. ദുരിതത്തേക്കാള്‍ വലിയ ദുരന്തമായി ഈ നുണപ്രളയമിപ്പോള്‍ മാറിയിരിക്കുകയാണ്. ഗവണ്‍മെന്റിന്റെ ദുരിതാശ്വാസ നിധിയിലെ പണം ധൂര്‍ത്തടിച്ചു, വിദേശയാത്രകള്‍ നടത്തി, ദുരുപയോഗിച്ചു, രാഷ്ട്രീയക്കാര്‍ക്ക് നല്‍കി, ചിലവാക്കിയില്ല എന്നിങ്ങനെ മികച്ച നുണകളാണു കേരളത്തില്‍ പടരുന്നത്. ഇക്കാര്യങ്ങളിലെ യാഥാര്‍ത്ഥ്യം ഇതാണ്.
ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്നതാണ് ആദ്യത്തെ ആരോപണം. ഇത് തെറ്റാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്താണെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഏത് ദുരന്തത്തിനും ദുരിതത്തിനും ജനസഹായം നല്‍കുവാനുള്ളതാണ് ഈ ഫണ്ട്. എന്ത് തരം ദുരിത- ദുരന്തങ്ങള്‍ക്കും അപേക്ഷയുടെ യോഗ്യതയനുസരിച്ച്, എലിജിബിളാണെന്നുറപ്പ് വരുത്തിയാണ് സഹായധനം നല്‍കുക. ഏത് കേരളീയനും അതില്‍ അപേക്ഷ വെയ്ക്കാം. കഴിഞ്ഞ വര്‍ഷം പ്രളയത്തോട് അനുബന്ധിച്ച് മാത്രം ആരംഭിച്ചതല്ല അത്.
പ്രളയദുരിതങ്ങള്‍ക്കായ് നമ്മള്‍ സമാഹരിച്ച ഫണ്ട് പ്രത്യേകമായി കണക്കാക്കി വയ്ക്കുകയാണ് ചെയ്തത്. അതിനര്‍ത്ഥം മറ്റ് ദുരിതങ്ങള്‍ക്കുള്ള ഫണ്ടുകള്‍ ഇല്ലാതായി എന്നതല്ല. ഓര്‍ക്കണം കേരളത്തില്‍ പ്രളയത്തിനു മുമ്പും നിരവധി ദുരിതങ്ങള്‍ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് അതിനായ് വകയിരുത്തിയ ഫണ്ടില്‍ നിന്നും പണം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ പ്രളയത്തിനായ് വരവ് വന്ന തുക മറ്റൊന്നിനും വകമാറ്റി ഇതുവരെ ചെലവഴിച്ചിട്ടുമില്ല. ഇതാണ് യാഥാര്‍ത്ഥ്യം.
ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാണ് എന്നതാണ് മറ്റൊരു ആക്ഷേപം. തികച്ചും തെറ്റായ അരോപണമാണിത്. അതീവ സുതാര്യമായാണ് ഇതിലെ ഓരോ രൂപയുടെയും വിനിമയം നടക്കുന്നത്.
സര്‍ക്കാര്‍ വെബ്സൈറ്റില്‍ ദുരിതാശ്വാസ നിധിയിലെ എല്ലാ ചെലവുകളുടെയും വിനിയോഗത്തിന്റെയും പൂര്‍ണ്ണ വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്. ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാവുന്നതാണിത്. പണത്തിന്റെ വരവ് ചിലവ് രേഖകള്‍ നിയമസഭയില്‍ പലകുറി അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യവും വിവരാവകാശ നിയമം വഴി ലഭിക്കുന്നതാണ്.
മൂന്നാമത്തെ ആരോപണം ദുരിതാശ്വാസനിധി തോന്നിയ പോലെ ചിലവഴിക്കാമെന്നതാണ്. ഈ ആരോപണവും തെറ്റാണ്. മറ്റെല്ലാ ഗവര്‍ണ്മെന്റ് ഫണ്ടുകള്‍ പോലെ തന്നെ ഈ റിലീഫ് ഫണ്ടുകളും സി.എ.ജി ഓഡിറ്റിന് വിധേയമാണ്. ചെറിയ വിജിലന്‍സ്സ് പരിപാടിയല്ല സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് എന്നതു കൂടി നാം ഓര്‍ക്കണം. ഈ പണം കൃത്യമായ ഓഡിറ്റിങ്ങിനു വിധേയവുമാണ്.
നാലാമത്തെ ആരോപണം മുഖ്യമന്ത്രിയ്ക്ക് ഒപ്പിട്ട് പ്രളയഫണ്ട് എടുത്ത് ചിലവഴിക്കാമെന്നതാണ്. എന്നാല്‍ ഈ വാദവും ശരിയല്ല. ദുരിതാശ്വാസ നിധിയിലേക്ക് വന്ന ഓരോ തുകയും ട്രഷറി മുഖാന്തിരമാണ് വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അക്കൗണ്ടല്ല ഇത്. പണം ചെലവാക്കുന്നത് റവന്യൂ വകുപ്പാണ്. സുതാര്യമായ പ്രക്രിയയിലൂടെ മാത്രമേ ഓരോ രൂപയും ചിലവഴിക്കാനാകുകയുള്ളൂ.
അഞ്ചാമത്തെ ആക്ഷേപം ആര്‍.കെ.ഐ ഓഫീസ് പ്രവര്‍ത്തിക്കാനായി ആഡംബര കെട്ടിടം ദുരിതാശ്വാസനിധിയിലെ പണം കൊണ്ട് വാടകയ്ക്ക് എടുത്തു എന്നതാണ്. അവാസ്തവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങളാണ് ഇവിടെ ആരോപിക്കപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു രൂപ പോലും ഓഫീസ് സജ്ജീകരിക്കുന്നതിന് ചെലവഴിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനായുള്ള തുക പ്രത്യേക ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നുമാണ് ചെലവഴിക്കുന്നത്. വിമര്‍ശകര്‍ സര്‍ക്കാര്‍ ഉത്തരവ് കൃത്യമായി പരിശോധിക്കാണ് തയാറാവേണ്ടത്.
ഇതൊരു ആഡംബര കെട്ടിടമല്ല. സെക്രട്ടറിയേറ്റിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നഗരമധ്യത്തിലെ സാധാരണ കെട്ടിടമാണ്. നിലവില്‍ വിപണി വാടകയില്‍ നിന്നും അരപ്പൈസ അധികം നല്‍കിയിട്ടുമില്ല.
ആറാമത്തെ ആരോപണം ഇത് ലക്ഷ്മീ നായര്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വിവാദ കെട്ടിടമാണ് എന്നതാണ്. വലിയ കള്ളമാണിത്. വാടകയ്ക്ക് സര്‍ക്കാര്‍ എടുത്ത ഒന്നാം നിലയുടെ ഉടമസ്ഥന്‍ ഒരു ലക്ഷ്മീ നായരും അല്ല. മുട്ടട സ്വദേശിയായ ശ്രീ കെ.വി മാത്യൂവാണ് യാഥാര്‍ത്ഥത്തില്‍ ഉടമസ്ഥന്‍. ഉടമസ്ഥാവകാശം, വാടകനിരക്ക്, അനുബന്ധ ചാര്‍ജ്ജുകള്‍ എന്നിവയിന്മേല്‍ ധാരണയില്‍ എത്തിയാണ് കരാര്‍ വച്ചിരിക്കുന്നത്.
ഇതിന്റെ സുതാര്യതയും വിവരാവകാശത്തിലൂടെ പരിശോധിക്കാവുന്നതാണ്. ഈ സ്ഥലം തികച്ചും സ്വകാര്യ ഭൂമിയാണ്. സര്‍ക്കാരിന്റെ പാട്ടഭൂമിയാണ് എന്ന പ്രചരണവും വലിയ നുണയാണ്.
ഏഴാമത്തെ ആക്ഷേപം ആര്‍.കെ.ഐ ഓഫീസിനായി 88 ലക്ഷം രൂപ ചെലവഴിക്കുന്നു എന്നതാണ്. ഫയലു നോക്കാന്‍ ഇത്രവലിയ ആര്‍ഭാടമാണോ എന്നതാണ് ചോദ്യം. ഇതും തെറ്റായ ആരോപണമാണ്. ആര്‍.കെ.ഐ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 8 മാസങ്ങളായി. ഇതിനിടയില്‍ ആര്‍.കെ.ഐ കമ്മിറ്റിയുടെ നാല്‍പ്പതിലേറേ യോഗങ്ങളാണ് നടന്നത്.
ലോകബാങ്കിന്റെയും മറ്റു അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെയും അന്‍പതോളം വിദഗ്ദ്ധര്‍ കേരളം സന്ദര്‍ശിക്കുകയും സെക്രട്ടറിമാര്‍, വകുപ്പധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നാനൂറോളം യോഗങ്ങളും ചര്‍ച്ചകളും നടത്തുകയും ചെയ്തിട്ടുണ്ട്.
ഇതിനെല്ലാം സ്ഥലസൗകര്യമൊരുക്കുവാന്‍ ആര്‍.കെ.ഐ പണം ചെലവഴിച്ചിട്ടേയില്ല. ഒരു ചെലവും ചെയ്യാതെ പരിമിതമായ സൗകര്യത്തില്‍ ഈ ചര്‍ച്ചകളെല്ലാം വിജയകരമായാണ് നടത്തിയിരിക്കുന്നത്.
ഇതിന്റെ ഫലമായി ലോക ബാങ്ക്, ജര്‍മന്‍ അന്താരാഷ്ട്ര ധനസഹായ സ്ഥാപനം എന്നിവയില്‍ നിന്നും 3,150 കോടി രൂപയുടെ വായ്പ ലഭിക്കാനുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്. സൗജന്യമായി ഒരു അന്താരാഷ്ട്ര ഏജന്‍സ്സിയും നമ്മുടെ കേരളത്തെ നിര്‍മ്മിക്കാന്‍ പണം കടം നല്‍കുകയില്ല. അവര്‍ക്ക് ബോധ്യപ്പെട്ടല്‍ മാത്രമേ നല്‍കുകയുള്ളൂ. അതിനുള്ള ശ്രമങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്. വായ്പ ലഭ്യമാക്കുന്ന സമയം മുതല്‍ നിരവധി വിദഗ്ധരുടെയും കോണ്‍സള്‍റ്റന്റ്മാരുടെയും സേവനം ആര്‍.കെ.ഐക്ക് അനിവാര്യവുമാണ്.
കേരളത്തിന്റെ ഭാവി വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണ് ആര്‍.കെ.ഐ. നശിച്ചുപോയ റോഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആശുപത്രികള്‍, വീടുകള്‍ മറ്റെല്ലാ പൊതു ഇടങ്ങളും നാം നിര്‍മ്മിക്കുന്നത് നമുക്കും നമ്മുടെ തലമുറകള്‍ക്കും വേണ്ടിയാണ്. ഇക്കാര്യം നുണപ്രചാരകര്‍ മറന്നു പോകരുത്.
Staff Reporter