പ്രളയക്കെടുതിയില്‍ വാഹന രേഖകള്‍ നഷ്ടമായവര്‍ക്ക് പകര്‍പ്പുകള്‍ ലഭിക്കാന്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് പകര്‍പ്പുകള്‍ ലഭിക്കാന്‍ സെപ്റ്റംബര്‍ 31 വരെ അപേക്ഷിക്കാമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍.

വാഹനങ്ങളുടെ രേഖകളും ഡ്രൈവിംഗ് ലൈസന്‍സുകളും നഷ്ടമായവര്‍ക്കും, ഡ്രൈവിംഗ് ടെസ്റ്റുകളുടെ കാലാവധി അവസാനിച്ചവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

സംസ്ഥാനത്ത് ഓഗസ്റ്റ് 13 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ രേഖകള്‍ നഷ്ടമായവര്‍ക്കും രേഖകള്‍ പുതുക്കാനുള്ള കാലാവധി പൂര്‍ത്തിയാകുന്നവര്‍ക്കുമാണ് അവസരം.

ഫാന്‍സി നമ്പര്‍ കാലാവധി ക്രമപ്പെടുത്തുന്നതിനും താത്കാലിക രജിസ്‌ട്രേഷന്‍ കഴിഞ്ഞ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും സെപ്റ്റംബര്‍ ഒന്നിനകം അപേക്ഷിക്കണം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ടെസ്റ്റിന്റെ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ കോംപൗണ്ടിംഗ് ഫീസ് ഒഴിവാക്കും. ഡ്രൈവിംഗ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് എന്നിവ പുതുക്കുന്നതിനുള്ള കാലാവധിയും പെര്‍മിറ്റ് പുതുക്കുന്നതിനുള്ള കാലാവധിയും കോംപൗണ്ടിംഗ് ഫീസ് ഒടുക്കേണ്ട കാലാവധിയും 31 വരെ നീട്ടിയിട്ടുണ്ട്.

വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പിഴ ഈടാക്കാതെയും മറ്റു നടപടിക്രമങ്ങളില്ലാതെയും ഡ്യൂപ്ലിക്കേറ്റ് രേഖകള്‍ അനുവദിക്കുകയെന്നും മന്ത്രി അറിയിച്ചു.

Top