കേരളത്തിനു താങ്ങായി രാജസ്ഥാനും; 10 കോടിയും ഭക്ഷണവും മരുന്നും നല്‍കുമെന്ന് വസുന്ധര രാജെ

vasundhar5a-raje

ജയ്പൂര്‍: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സഹായഹസ്തവുമായി രാജസ്ഥാനും രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ 10 കോടി രൂപ സഹായം പ്രഖ്യാപിച്ചു. സാമ്പത്തിക സഹായത്തിനൊപ്പം തന്നെ ഭക്ഷണവും മരുന്നും രാജസ്ഥാന്‍ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

മാത്രമല്ല, കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അത്യാധുനിക യന്ത്രങ്ങളോടെ രാജസ്ഥാന്‍ ദുരന്ത നിവാരണ സേനയുടെ സംഘത്തെ അയച്ചതായി എസ്ഡിആര്‍എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബി.ഐ.സോനി അറിയിച്ചു. പ്രത്യേക വിമാനത്തില്‍ 27 അംഗ സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും, 12 ബോട്ടുകളും സംഘത്തിന്റെ കൈവശമുണ്ടെന്നും സോനി പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി നല്‍കുമെന്ന് അറിയിച്ചിരുന്നു.

അതേസമയം, പ്രളയദുരന്തം നേരിടുന്ന കേരളത്തിന് കൈത്താങ്ങായി മഹാരാഷ്ട്രയും രംഗത്തെത്തിയിട്ടുണ്ട്. 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. കഴിയാവുന്നത്ര സഹായം കേരളത്തിനു നല്‍കാന്‍ തയാറാകണമെന്ന് ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കേരളത്തിന് പത്ത് കോടി നല്‍കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം നല്‍കും, കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല ഇക്കാര്യം അറിയിച്ചത്.

Top