സിനിമാ താരങ്ങള്‍ സിനിമയില്‍ കാണിക്കുന്ന അഭിനയം ജീവിതത്തില്‍ കാണിക്കാന്‍ ശ്രമിക്കരുത്. അത് ശരിയായ നടപടിയല്ല. പ്രകൃതിക്ഷോഭം തകര്‍ത്തിരിക്കുന്നത് കേരളത്തിന്റെ ചങ്കാണ്. പുനര്‍നിര്‍മ്മാണത്തിനായി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങാനാണ് ഇവിടെ ശ്രമിക്കേണ്ടത്. ഇതിനിടയില്‍ വില കുറഞ്ഞ രണ്ടാംകിട പബ്ലിസിറ്റിക്കായി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാന്‍ ശ്രമിക്കരുത്. താരങ്ങളുടെ വണ്‍മാന്‍ ഷോ അല്ല സാമ്പത്തിക സഹായമാണ് ഇവിടെ അനിവാര്യം.
കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരുപാട് ചെയ്യാന്‍ കഴിയും. ‘അമ്മ’ എന്ന സംഘടന ഇക്കാര്യത്തില്‍ മുന്‍ കൈ എടുക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സഹായം നല്‍കണം. ഇതിനായി പ്രത്യേക യോഗം തന്നെ വിളിച്ചു ചേര്‍ക്കാന്‍ താര സംഘടന ഉടന്‍ തയ്യാറാകണം.
ജനങ്ങളാണ് നിങ്ങളെ താരങ്ങളാക്കിയത്. അവരുടെ പിന്തുണയില്ലെങ്കില്‍ നിങ്ങളില്ല, എന്ന കാര്യം കൂടി ഓര്‍ക്കണം. താരനിശ നടത്തി പണം സമ്പാദിച്ചു തരുമെന്ന വലിയ ഡയലോഗൊന്നും ഇനി താര സംഘടന അടിക്കരുത്. നിങ്ങള്‍ താരങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നാണ് ചിന്തിക്കേണ്ടത്. എന്നിട്ടു വേണം സാലറി ചലഞ്ച് നടത്താന്‍. അന്യഭാഷാ നായകര്‍ ചെയ്ത സഹായം പോലും മലയാള താരങ്ങള്‍ ഇവിടെ ചെയ്തിട്ടില്ല. കഴിഞ്ഞ പ്രളയത്തിന്റെ കണക്കുകള്‍ തന്നെ അത് വ്യക്തമായി സൂചിപ്പിക്കുന്നതാണ്.
കഴിഞ്ഞ തവണ ബാഹുബലി നായകന്‍ പ്രഭാസ് ഒരു കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നത്. സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാം ചരണ്‍ തേജ 60 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യ 1.20 കോടിയും നല്‍കുകയുമുണ്ടായി. പത്ത് ടണ്‍ അരിയും രാം ചരണ്‍ നല്‍കി. മറ്റൊരു തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ് അന്യഭാഷയില്‍ നിന്നുള്ള സഹായത്തിന് തുടക്കമിട്ടിരുന്നത്. 5 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംഭാവന.
തമിഴ് സൂപ്പര്‍താരം കമല്‍ ഹാസന്‍ 25 ലക്ഷം നല്‍കിയതിനു പുറമേ അദ്ദേഹം ഇടപെട്ട് വിജയ് ടി.വിയെ കൊണ്ട് 25 ലക്ഷം കൊടുപ്പിക്കുകയും ചെയ്തിരുന്നു. സൂര്യ, കാര്‍ത്തി സഹോദരന്മാര്‍ 25 ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. വിജയ് സേതുപതി 25 ലക്ഷവും, നടന്‍ ധനുഷ് 15 ലക്ഷവും നല്‍കിയിട്ടുണ്ട്. സിദ്ധാര്‍ത്ഥ് , ശിവകാര്‍ത്തികേയന്‍, വിശാല്‍ എന്നിവര്‍ പത്ത് ലക്ഷം വീതവും നല്‍കുകയുണ്ടായി.
നടി നയന്‍താര 10 ലക്ഷം രൂപ നല്‍കിയപ്പോള്‍ അമല പോള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും സ്വയം കടകളില്‍ പോയി വാങ്ങിയാണ് കൈമാറിയത്. നടന്‍ വിജയ് ഒരു കോടി രൂപയുടെ സഹായമാണ് കഴിഞ്ഞ പ്രളയകാലത്ത് നല്‍കിയിരുന്നത്. ഇത്തവണയും അദ്ദേഹത്തിന്റെ ഫാന്‍സ് സഹായങ്ങളുമായി സജീവമായി രംഗത്തുണ്ട്.
മലയാളത്തിലെ സൂപ്പര്‍ താരങ്ങളടക്കമുള്ള താരങ്ങള്‍ നല്‍കിയ സംഭാവനയെക്കാള്‍ വളരെ കൂടുതലാണ് അന്യഭാഷാ താരങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. പ്രതിഫലക്കാര്യത്തില്‍ ഓരോ സിനിമയ്ക്കും ഓരോ പ്രതിഫലമാണ് മലയാള താരങ്ങള്‍ വാങ്ങുന്നത്. ‘സിനിമയില്ലെങ്കില്‍ കിളയ്ക്കാന്‍ പോകുമെന്നു പറഞ്ഞ’ യുവതാരം പോലും വാങ്ങുന്നുണ്ട് കോടിയ്ക്കു മുകളില്‍ കാശ്. ഇവരെല്ലാം എത്ര പണമാണ് കേരളത്തിന്റെ പുനര്‍ നിര്‍മിതിയ്ക്ക് നല്‍കുന്നതെന്നറിയാന്‍ ജനങ്ങള്‍ക്കെന്തായാലും താല്‍പര്യമുണ്ട്.
ഒന്നാം പ്രളയകാലത്ത് കാണിച്ച താല്‍പര്യം പോലും ഇത്തവണ മലയാള സിനിമാ പ്രവര്‍ത്തകര്‍ കാണിക്കാത്തത് കഷ്ടമാണ്. കാരണം ഏറ്റവും ഭീകരമായ ദുരന്തം ഉണ്ടായത് ഈ പ്രകൃതിക്ഷോഭത്തിലാണ്. മണ്ണിനിടയില്‍പ്പെട്ട ഒരുപാട് ജന്മങ്ങള്‍ ഇന്ന് ഈ കേരളത്തിന്റെ കണ്ണീരാണ്. ഇവിടെയാണ് ലിസിയേയും നൗഷാദിനേയും പോലെയുള്ളവര്‍ വ്യത്യസ്തരാകുന്നത്.
മഴയില്‍ മുങ്ങുന്ന നാടിന് കര കയറാന്‍ പതിനായിരം രൂപ നല്‍കിയത് രാജസ്ഥാന്‍കാരിയായ ഒരു ചെരിപ്പുകുത്തിയാണ്. പേരാമ്പ്ര തെരുവിലെ ലിസിയെന്ന ഈ സ്ത്രീ പ്രളയമെടുക്കാത്ത ജീവിത നന്മയുടെ പ്രതീകമണിപ്പോള്‍. ബസ്സ്റ്റാന്‍ഡിന്റെ ഓരത്തിരുന്ന് പൊട്ടിയ ചെരിപ്പുകള്‍ തുന്നിക്കിട്ടുന്ന ചില്ലിക്കാശില്‍ നിന്നാണിവര്‍ ഈ വലിയ തുക നാടിന് സമ്മാനിച്ചിരിക്കുന്നത്.
ആസിഡ് വീണ് പൊള്ളലേറ്റ ശരീരവുമായി വിധിയോട് പൊരുതിയാണ് ലിസിയിപ്പോള്‍ ജീവിക്കുന്നതെന്നതും നാം അറിയണം. ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ വോളന്റിയര്‍ കൂടിയാണവര്‍. ചെങ്കൊടിയെ മാറോടു പിടിക്കുന്ന ലിസി സി.ഐ.ടി.യു പ്രവര്‍ത്തക കൂടിയാണ്.
ഓണം, വലിയ പെരുന്നാള്‍ വിപണി ലക്ഷ്യമിട്ടു തന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ തുണിത്തരങ്ങളും ദുരിതാശ്വാസ ക്യാംപുകളിലേക്കു കൈമാറിയ എറണാകുളം ബ്രോഡ് വേയിലെ നൗഷാദും ഈ നാടിന്റെ അഭിമാനം തന്നെയാണ്. ‘നമ്മള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല, പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോകാനും പറ്റില്ല. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം’ ഇതാണ് നൗഷാദിന്റെ നിലപാട്.
കുസാറ്റിലെ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങിയ സംഘം ദുരിതാശ്വാസ ക്യാംപുകളിലേക്കു വസ്ത്രം ശേഖരിക്കാനാണു നഗരത്തിലിറങ്ങിയിരുന്നത്. ബ്രോഡ് വേയിലെത്തിയപ്പോള്‍ ‘ഒന്നെന്റെ കടയിലേക്കു വരാമോ’ എന്ന ചോദ്യവുമായി നൗഷാദ് അവരെ സമീപിക്കുകയായിരുന്നു. തുറന്നിട്ട കട ചൂണ്ടി നൗഷാദ് മുഴുവന്‍ സാധനങ്ങളുമെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
സംഘാംഗങ്ങള്‍ അമ്പരന്നു നില്‍ക്കുന്നതിനിടെ, വില്‍പനയ്ക്കു വച്ച വസ്ത്രങ്ങളെല്ലാം വാരിയെടുത്തു ചാക്കിലാക്കി നൗഷാദ് തന്നെയാണ് മുന്നിട്ടിറങ്ങിയത്. ഈ മനുഷ്യന്റെ മനസിലും നന്മയുടെ ചുവപ്പ് പ്രത്യയ ശാസ്ത്രം തന്നെയാണ് കുടികൊള്ളുന്നത്. ലിസിയെപ്പോലെ സി.പി.എം. തൊഴിലാളി സംഘടനയായ സി.ഐ.ടി.യു പ്രവര്‍ത്തകനാണ് നൗഷാദും. വെള്ളിത്തിരയിലെ നായകര്‍ കാട്ടുന്നതിലും വലിയ ഹീറോയിസമാണ് യഥാര്‍ത്ഥ ജീവിതത്തില്‍ ലിസിയും നൗഷാദും ഇപ്പോള്‍ കാണിച്ചിരിക്കുന്നത്.
Staff Reporter