കേരളത്തിലെ പ്രളയം വിലയിരുത്താന്‍ കേന്ദ്രം വീണ്ടും യോഗം ചേര്‍ന്നു; വി-സാറ്റ് പരീക്ഷിച്ചേക്കും

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം വിലയിരുത്താനായി ദേശീയ ക്രൈസിസ് മാനേജ്മെന്റ് സമിതി രണ്ടാമതും ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു.

ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസ പദ്ധതികളും വിലയിരുത്തി. കേരള, തമിഴ്നാട് ചീഫ് സെക്രട്ടറിമാരുമായി സിന്‍ഹ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച നടത്തി.

കേരളത്തിന് ആവശ്യമായ സഹായം എത്തിക്കുന്നതിനായി കരസേന, നാവികസേന, വ്യോമസേന, തീരദേശ സംരക്ഷണ സേന, ദേശീയ ദുരിതാശ്വാസ സേന (എന്‍.ഡി.ആര്‍.എഫ്.) എന്നിവയ്ക്കു കൂടുതല്‍ സജ്ജീകരണങ്ങള്‍ ലഭ്യമാക്കും.

ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങളില്‍ വി-സാറ്റ് ( വെരി സ്മോള്‍ ആപെര്‍ച്ചര്‍ ടെര്‍മിനല്‍) സാറ്റ്‌ലൈറ്റ്് ഫോണ്‍ ഉപയോഗപ്പെടുത്താമോ എന്ന സാദ്ധ്യത പരീക്ഷിക്കാന്‍ കേരള സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

അതേസമയം, കൊച്ചിയിലെ നേവല്‍ എയര്‍സ്ട്രിപ് സിവിലിയന്‍ ഉപയോഗത്തിനായി കേരള സര്‍ക്കാരിന് വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണിത്.

അവശ്യമരുന്നുകള്‍ തയ്യാറാക്കി വെക്കണമെന്നും ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചു.

Top