മഹാപ്രളയം മനുഷ്യ ‘സൃഷ്ടി’ ആണെന്നതിന് ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും

തിരുവനന്തപുരം: കേരളത്തിലെ മഹാ പ്രളയത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇത്രയധികം ഡാമുകള്‍ കേരളത്തിലുണ്ടെന്ന് സാധാരണക്കാര്‍ മനസ്സിലാക്കിയത് തന്നെ ഒരു പക്ഷേ ഈ പ്രളയത്തോടെയായിരിക്കും.

കേരളത്തിലെ പ്രളയദിനത്തിന്റെ ആദ്യം മുതലുള്ള സംഭവവികാസങ്ങളിലൂടെ കടന്ന് പോയാല്‍ ഒരുപക്ഷേ ഈ പ്രളയത്തിന്റെ വ്യാപ്തിയും കാരണവും നമുക്ക് മനസ്സിലാകും.

ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ തന്നെ കേരളത്തിലെ കാലാവസ്ഥയിലെ ഗുരുതരാവസ്ഥ മുന്നറിയിപ്പുകള്‍ വന്നു തുടങ്ങിയിരുന്നു. ആ ദിവസങ്ങളില്‍, ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2395ല്‍ എത്തിയപ്പോള്‍ പ്രദേശവാസികള്‍ ട്രയല്‍ റണ്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നടത്തിയില്ല.

09.08.2018ല്‍ മന്ത്രി എംഎം മണിയുടെ പ്രസ്ഥാവന, ‘ വൈദ്യുതി വേണം. അതിനാല്‍, ഡാം തുറക്കുന്ന കാര്യത്തില്‍ തല്‍ക്കാലം തീരുമാനമില്ല’.

വളരെ ലാഘവത്തോടെ അദ്ദേഹം പറഞ്ഞ കാര്യമാണിത്. ആ സമയം ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2399 അടിയില്‍ എത്തിയിരുന്നു. ഡാമിന്റെ ഷട്ടര്‍ തുറന്നാല്‍ മൊത്തം പോകുന്ന വെള്ളം ഏകദേശം 0.7 എംസിഎം വെള്ളമാണ്. ഇതിലൂടെ മണിക്കൂറില്‍ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കെഎസ്ഇബി ചെയര്‍മാര്‍ ആശങ്കപ്പെട്ടു.

ഈ പ്രസ്ഥാവനകള്‍ എല്ലാം പുറത്തു വന്നതിന് മണിക്കൂറുകള്‍ക്കകമാണ് ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നത്. ഇടുക്കി തുറന്നതിന് തൊട്ടുപിന്നാലെ ഇടമലയാറും തുറന്നു. മഴകുറഞ്ഞപ്പോള്‍ ഇടുക്കിയുടെ ഷട്ടര്‍ കുറച്ച് താഴ്ത്തി. അന്ന് നടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അസാധാരണ സാഹചര്യമെന്ന് അഭിപ്രായപ്പെട്ടു. 48 മണിക്കൂര്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് ഉണ്ടായി. ഇതൊക്കെ മുന്നില്‍ നില്‍ക്കുമ്പോള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുത മന്ത്രിയും കെഎസ്ഇബിയും നേരെ വിപരീതമായ നിലപാട് സ്വീകരിച്ചതെന്ന് അവ്യക്തം. മുന്നറിയിപ്പുകളെല്ലാം നിലനില്‍ക്കുമ്പോഴും നെടുമ്പാശ്ശേരിയിലടക്കം വെള്ളക്കെട്ട് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. 11-ാം തീയതി മഴ അല്പം ശമിച്ചു.

Floods in Kerala

13-ാം തീയതി മുതല്‍ വീണ്ടും മഴ കനത്തു. ഇതോടെ, സെക്കന്റില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളം ഇടുക്കിയില്‍ നിന്ന് പുറത്തേയ്ക്കൊഴുക്കി.

ജലനിരപ്പ് 140 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നു. ആഗസ്റ്റ് 14നായിരുന്നു ഇത്. അണക്കെട്ട് തുറക്കുന്നതിന് തൊട്ടു മുന്‍പ് പെരിയാര്‍ തീരത്തെ നാലായിരത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. നില ഗുരുതരമാകുന്നത് വരെ അധികൃതര്‍ അനങ്ങിയില്ല. പമ്പയില്‍ സ്ഥിതി ഗുരതരമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ആളുകളെ മാറ്റാന്‍ തീവ്ര ശ്രമങ്ങള്‍ തുടങ്ങിയത് 18-ാം തീയതിയോടെയാണ്. 17-ാം തീയതിയാണ് കുട്ടനാട്ടില്‍ പോലും അടിയന്തര നീക്കങ്ങള്‍ ഉണ്ടായത്. 15-ാം തീയതി ആയപ്പോഴേയ്ക്കും 39 ഡാമുകളില്‍ 35 എണ്ണവും തുറന്നു!

ബാണാസുര സാഗര്‍ തുറന്നതിലും വേണ്ടത്ര മുന്‍കരുതലുകളുണ്ടായില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നു. ഏഴ് പഞ്ചായത്തുകളെയാണ് ഡാമിലെ വെള്ളം മുക്കിക്കളഞ്ഞത്. സര്‍വ്വകക്ഷി യോഗത്തിലും ഇത് സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ജാഗ്രതാ നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും അത് ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം.

കേരളത്തിലെ ദുരിത കാലത്തിലെ സംഭവ വികാസങ്ങള്‍:

9.08.2018

കേരളത്തില്‍ മഴ അവസാനിക്കുന്നില്ല. പേമാരിയിലും ഉരുള്‍ പൊട്ടലിലും 27 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2400 അടിയില്‍ എത്തി.ട്രയല്‍ റണ്‍ തുടരും, പെട്ടെന്ന് അടയ്ക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇടമലയാര്‍ ഡാം തുറന്നു. ആലുവ മണപ്പുറം മുങ്ങി. പമ്പ ഡാമിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 22 അണക്കെട്ടുകള്‍ തുറന്നു. അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം. 48 മണിക്കൂര്‍ കൂടി അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്.

10.8.2018

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ചെറുതോണിയിലും കരിമ്പനയിലും വെള്ളം കയറി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് വെള്ളപ്പൊക്ക ഭീഷണിയില്ല. മഴ അതിതീവ്രമായി തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചു പമ്പ ആലത്തോട് ഡാമുകള്‍ തുറന്നതോടെ പമ്പയിലും വെള്ളപ്പൊക്കം. ഇടുക്കിയില്‍ മണിക്കൂറുകളോളം ഷട്ടറുകള്‍ തുറന്നു വച്ചിട്ടും ജലനിരപ്പ് താഴ്ന്നില്ല. അത്രശക്തമായാണ് മഴപെയ്തത്. പെരിയാര്‍ തീരത്ത് ആശങ്ക നിലനില്‍ക്കുന്നു. ഇടുക്കിയില്‍ നിന്ന് ഒഴുക്കി വിട്ട ജലം ചെറുതോണിയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.

11.08.2018

മുഖ്യമന്ത്രി പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ആളുകള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു. എന്നാല്‍ മഴ തുടരുന്നു.

12.08.2018

കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.ഇടുക്കിയിലെ ജലനിരപ്പ് സുരക്ഷിത നിലയിലേയ്ക്ക്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു. ഇടമലയാറില്‍ അടച്ച ഒരു ഷട്ടര്‍ വീണ്ടും തുറന്നു. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ മുന്നറിയിപ്പില്ലാതെ തുറന്നെന്ന് വില്ലേജ് ഓഫീസര്‍.

13.08.2018

കേരളത്തില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍. വടക്കന്‍ കേരളത്തിലെ പുഴകള്‍ കരകവിഞ്ഞു. കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മലമ്പുഴ ഷട്ടറുകള്‍ തുറന്നു. പമ്പയിലും ഡാമുകള്‍ തുറന്നു. പമ്പ കരകവിഞ്ഞു.

14.08.2018

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ. വീണ്ടും പലയിടത്തും ഉരുള്‍ പൊട്ടി. ഇടുക്കിയിലെ ഷട്ടറുകള്‍ ഭാഗികമായി അടച്ചിട്ടും ദുരിതം. ബാണാസുരയിലും മലമ്പുഴയിലും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. പമ്പയില്‍ തീവ്ര മഴ.

15.08.2018

കേരളം അതിഭീകരമായ പ്രളയ ദുരന്തത്തില്‍.39 ഡാമുകളില്‍ 35 എണ്ണവും തുറന്നു. പ്രധാന നദികളെല്ലാം കരകവിഞ്ഞു. നെടുമ്പാശ്ശേരിയിലും ഗതാഗതം തടസ്സപ്പെട്ടു. റണ്‍വേയില്‍ വെള്ളം കയറി. മുല്ലപ്പെരിയാറില്‍ വന്‍തോതില്‍ വെള്ളം ഒഴുക്കിവിടുന്നു. നിയന്ത്രണാതീതമായ സ്ഥിതി. ഇടുക്കിയില്‍ നിന്നുള്ള വെള്ളം ഇരട്ടിയാക്കി. പെരിയാര്‍ തീരത്ത് നാലായിരം പേരെ ഒഴിപ്പിച്ചു.

16.08.2018

കൊച്ചി നഗരം മുങ്ങി. ആലുവയില്‍ 7 മീറ്ററോളം പെരിയാര്‍ കരകവിഞ്ഞ് ഒഴുകി. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ മാറണമെന്ന് ജാഗ്രാ നിര്‍ദ്ദേശം. ഭൂതത്താന്‍ കെട്ട് പെരിങ്ങല്‍ക്കുത്ത് ഡാമുകളിലും ജലനിരപ്പ് ഇനിയും ഉയരും. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് സര്‍ക്കാര്‍.

17.08.2018

മഴയുടെ തീവ്രത കുറയുന്നു. ന്യൂന മര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേയ്ക്ക് മാറി. ഇടുക്കി അണക്കെട്ടില്‍ നിന്ന് അധിക ജലം ഒഴുക്കില്ല. ഇടമലയാറിലും ഭൂതത്താന്‍ കെട്ടിലും ജലനിരപ്പ് താഴ്ന്നു. കുട്ടനാട്ടില്‍ പ്രളയമൊഴിവാക്കാന്‍ അടിയന്തര നടപടി. കോട്ടപ്പടി സ്പില്‍ വേ തണ്ണീര്‍മുക്കം ഷട്ടറുകള്‍ തുറന്നു.

18.08.2018

മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം. ചിലയിടങ്ങളില്‍ മാത്രം കനത്ത മഴ. കക്കി ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. പമ്പാ തീരത്തി ജാഗ്രതാ നിര്‍ദ്ദേശം. കുട്ടനാട്ടില്‍ കൂട്ട ഒഴിപ്പിക്കല്‍. തൃശ്ശൂരിലും ആളുകള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം.

19.08.2018

പലയിടത്തും വെള്ളമിറങ്ങി. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞു. കനത്ത മഴ ഉണ്ടാകില്ല. ഈ മാസം പെയ്തത് മുന്‍ വര്‍ഷത്തേക്കാള്‍ 164 ശതമാനം അധികം മഴ.

കേരളത്തിലെ പ്രശ്നങ്ങള്‍ ഗുരുതരമാകുമെന്ന് മനസ്സിലാക്കാന്‍ ഈ മാസത്തിലെ ആദ്യ ദിനങ്ങളിലെ സംഭവ വികാസങ്ങള്‍ തന്നെ ധാരാളമായിരുന്നു. എന്നാല്‍, പലപ്പോഴും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു. സ്ഥിതി അതി സങ്കീര്‍ണ്ണമായപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വലിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. കൃത്യമായി കാലാവസ്ഥ നിരീക്ഷണങ്ങള്‍ നടത്തുകയും നിരന്തരമായി നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു എങ്കില്‍ ഇന്ന് നമുക്ക് വന്ന നഷ്ടം പകുതിയിലധികം കുറക്കാമായിരുന്നു.

floodkerala

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അയച്ചു തന്ന മുന്നറിയിപ്പുകളില്‍ ചുഴലിക്കാറ്റ് വരുമെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത സംസ്ഥാന സംഘം തെറ്റ് ആവര്‍ത്തിച്ച് ദുരന്തം തലയ്ക്ക് മീതെ വരുന്നത് വരെ അനങ്ങാപ്പാറ നയം സ്വീകരിച്ചു എന്ന് തന്നെ പറയണം. ഒരു ന്യൂനമര്‍ദ്ദം കൂടി പുറകില്‍ നില്‍ക്കുകയാണ്. വിദഗദ്ധര്‍ അടങ്ങിയ പാനല്‍ രൂപീകരിച്ച് അതിനെ നേരിടാന്‍ ഒരുങ്ങിയിരുന്നില്ലെങ്കില്‍ ദുരന്തത്തിന്റെ തീവ്രത കേരളത്തിന് മറികടക്കാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കും.

ഇപ്പോഴത്തെ ദുരന്തത്തിന് കാരണം എന്താണെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനും കുറ്റക്കാരെ ശിക്ഷിക്കാനും സി.ബി.ഐ അന്വേഷണം തന്നെ അനിവാര്യമാണ്.

റിപ്പോര്‍ട്ട് : എ.ടി അശ്വതി

Top